കെവിന്‍റെ കൊലപാതകം, ക്രൂരമര്‍ദ്ദനത്തിന് ശേഷമെന്ന് സൂചന

കൊല്ലം: കെവിന്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിന് ശേഷമെന്ന് സൂചന. കണ്ണുകളിൽ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുത്തുവെന്നാണ് ലഭിക്കുന്ന സൂചന. മൃതദേഹം വലിച്ചിഴച്ചാണ് തോട്ടില്‍ തള്ളിയതെന്നും പ്രദേശത്ത് നിന്നും വ്യക്തമായിട്ടുണ്ട്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ മറ്റ് പാടുകളുണ്ടെന്നും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടെന്നുമാണ് വിവരം.

മൃതദേഹം കെവിന്‍റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങുകയാണ്. കെവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഭാര്യസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട കെവിന്‍. കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പത്താനപുരം സ്വദേശിയായ പെണ്‍കുട്ടിയെ നേരത്തെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആളുകളുമായി കെവിന്‍റെ വീട്ടിലെത്തിയത്. മൂന്ന് കാറുകളിലായാണ് ഇവര്‍ വന്നതെന്ന് കെവിന്‍റെ ബന്ധുകള്‍ പറയുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ കെവിന്‍റെ കുടുംബാംഗങ്ങള്‍ പരാതിയുമായി എത്തിയെങ്കിലും തണ്ണുത്ത സമീപനമാണ് പോലീസില്‍ നിന്നുമുണ്ടായതെന്ന് ബന്ധുകള്‍ ആരോപിക്കുന്നു. പിന്നീട് സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് വിഷയത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇടപെടുന്നതും കെവിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുന്നതും.