പ്രതികളുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പരാമർശം
കോട്ടയം: കെവിൻ കേസിലെ പ്രതികൾക്ക് അധികാരകേന്ദ്രത്തിൽ നിന്ന് സഹായം കിട്ടിയെന്നാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്ന് ഏറ്റുമാനൂർ കോടതി. പ്രതികളുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പരാമർശം.
കെവിൻ വധക്കേസിലെ പ്രതിയായ ടിറ്റോ ജെറോം ഇടുക്കി പീരുമേട് കോടതിയിൽ മൂന്നരയോടെ കീഴടങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതും പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഐ 20യുടെ ഉടമയാണ് കീഴടങ്ങിയ ടിറ്റോ. വക്കീൽ മുഖാന്തിരമാണ് കീഴടങ്ങിയത്.
നേരത്തെ കേസില്‍ പ്രതികളായ മൂന്ന് പേർ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. പുനലൂർ സ്വദേശികളായ നിഷാദ്, ഷെഫിൻ എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈകിട്ട് നാല് മണിയോടെ കീഴടങ്ങാനെത്തിയതായിരുന്നു ഇവർ.
മഫ്തിയിൽ നിൽക്കുകയായിരുന്ന ഏറ്റുമാനൂർ സി.ഐ. എ.ജെ. തോമസും സംഘവും കോടതി വരാന്തയിൽ നിന്ന് നിഷാദിനെയും ഷെഫിനെയും പിടികൂടുകയായിരുന്നു. ഇവരെ കോട്ടയം എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
