കെവിന്‍റെ മരണമറിയാതെ അവള്‍ പൊലീസുകാര്‍ക്ക് മുമ്പില്‍ അവന്‍റെ ജീവനു വേണ്ടി കേണു!
കെവിന്റെ ജീവന് വേണ്ടി ഒരു ദിവസം മുഴുവൻ നിറകണ്ണുമായി പൊലീസ് സ്റ്റേഷനിൽ നിന്ന നീനു, അവളുടെ കണ്ണുനീർ ഇന്ന് കേരളത്തിന്റെ വേദനയാണ്. അവളുടെ പരാതി സ്വീകരിക്കാൻ മനസ്സുകാണിക്കാതെ നിന്ന പൊലീസ് അധികാരികളോടുള്ള പ്രതിഷേധവും കേരളത്തിൽ അലയടിക്കുകയാണ്. കൃത്യവിലോപമാണ് പൊലീസിന് മേൽ ഇതുവരെ ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ കുറ്റകൃത്യത്തിലെ പങ്കാളിത്തമാണ് ഇപ്പോൾ പുറത്തുവരുന്നത്. നീനു പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ കെവിൻ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും മൊഴികളും സാഹചര്യത്തെളിവുകളും പൊസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സൂചിപ്പിക്കുന്നു.
കെവിനെ മാന്നാനത്തെ അനീഷിന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഞായറാഴ്ച അതിരാവിലെയാണ്. അതിന്റെ തലേ ദിവസം രാത്രി മുഖ്യപ്രതി ഷാനു ചാക്കോയും സംഘാംഗങ്ങളും പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പട്രോളിംഗ് സംഘത്തിലെ എഎസ്ഐ ബിജു , ഡ്രൈവർ എന്നിവരാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഷാനു ചാക്കോയെയും മറ്റുള്ളവരെയും കണ്ടത്. ഈ സമയത്ത് എഎസ്ഐ ബിജു പകർത്തിയ ഷാനുവിന്റെയും കൂട്ടരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷാനുവിന്റെ ചിത്രത്തിനൊപ്പം ഇയാളുടെ പാസ്പോർട്ട് , യുഎഇയിലെ റെസിഡന്റ് ഐഡന്റിറ്റി കാർഡ് എന്നിവയുടെ ചിത്രങ്ങളും എഎസ്ഐ എടുത്തിരുന്നു. ഈ കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് ശേഷം കെവിൻ താമസിച്ചിരുന്ന അനീഷിന്റെ വീട്ടിൽ നടന്ന ആക്രമണത്തിലും തുടർന്നുള്ള തട്ടിക്കൊണ്ടുപോകലിലും എഎസ്ഐ ബിജുവിനും പങ്കുണ്ടെന്നാണ് നിലവിൽ അന്വേഷണ സംഘം കരുതുന്നത്. ഈ സംഭവത്തിലെ ഗൂഢാലോചനയിലും ആസൂത്രണത്തിലും എ.എസ്.ഐ ബിജു, ഡ്രൈവർ എന്നിവർ പങ്കാളികളാണ്.
ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ഷാനു ചാക്കോ കൈക്കൂലി നൽകിയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതിന് ശേഷവും ഒന്നിലധികം തവണ എ.എസ്.ഐ ബിജു പ്രതികളെ വിളിച്ചിരുന്നു. പ്രതികൾക്ക് സഹായം ചെയ്യാമെന്ന് സമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശബ്ദം പുറത്തുവന്നിട്ടുണ്ട്. ഇത് എഎസ്ഐ ബിജുവാണെന്ന് അന്വേഷണ സംഘത്തലൻ ഐജി വിജയ് സാഖറെ സ്ഥിരീകരിച്ചിട്ടുണ്ട്.
പിന്നീട് കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയില് ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ കാർ നിർത്തിയെന്നാണ് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മർദ്ദനത്തെ തുടർന്ന് താൻ അവശനിലയിലായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ താൻ ഛർദ്ദിക്കുകയായിരുന്നു. ആ സമയത്ത് കെവിനെ കാറിൽ നിന്ന് എടുത്തിറക്കുന്നത് കണ്ടു. എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ കെവിൻ. കെവിനെ ഒന്ന് കാണാൻ മാത്രമെ തനിക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറി. കെവിനോടൊപ്പം പോയ ഷാനുവും സംഘവും മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചെത്തിയത്.
അപ്പോഴേക്കും വെളിച്ചം വീണിരുന്നു. രക്ഷപ്പെട്ട കെവിൻ തോട് നീന്തിപ്പോയെന്നാണ് ഷാനു പറഞ്ഞത്. കെവിന്റെ മുണ്ട് മാത്രമാണ് തങ്ങൾക്ക് കിട്ടിയതെന്നും പറഞ്ഞു. ഇതിന് ശേഷം ഒരു പൊലീസുകാരനുമായി താൻ സംസാരിച്ചിരുന്നുവെന്നും അനീഷ് പറയുന്നു. ഇത് എഎസ്ഐ ബിജുവാകാനാണ് സാധ്യത. അനീഷ് പറഞ്ഞ സ്ഥലത്ത് വച്ച് കെവിൻ തങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പോയെന്നാണ് അറസ്റ്റിലായ ഷാനു ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്.
മൊഴികളിൽ വൈരുദ്ധ്യമില്ലെന്ന് ഐജി വിജയ് സാഖറെയും പറയുന്നു. ഷാനുവും കൂട്ടരും കാറിൽ നിന്ന് ഇറങ്ങി മടങ്ങി വന്ന സമയത്തിനിടയിൽ എന്ത് നടന്നുവെന്നാണ് കൃത്യമായി അറിയേണ്ടത്. കെവിന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കെവിനെ ഷാനുവും സംഘവും മുക്കിക്കൊന്നതാണോ? അതോ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തോട്ടിൽവീണതാണോ? ഓടി രക്ഷപ്പെടാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവസാനമായി കാണുന്പോൾ കെവിനെന്ന് അനീഷ് ഉറപ്പിച്ച് പറയുന്നു. കെവിനെ കാറിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് അനീഷിനെ മോചിപ്പിച്ചത്.
നീനുവിനെ മടക്കിനൽകാമെന്ന ഉറപ്പിലാണ് മോചിപ്പിച്ചത്. രാവിലെ തന്നെ കെവിന്റെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി, അനീഷ് തന്നെ സ്റ്റേഷനിലെത്തി, പതിനൊന്ന് മണിയോടടുത്ത് ഭർത്താവിനെ കണ്ടുപിടിച്ച് നൽകണമെന്ന ആവശ്യവുമായി നീനുവും എത്തിച്ചേർന്നു. ഒരു ദിവസം മുഴുവൻ ഭർത്താവിന് എന്തുപറ്റിയെന്ന് അറിയാതെ അവൾ കണ്ണീരോടെ നിന്നു. തിങ്കളാഴ്ച രാവിലെയാണ് കെവിന്റെ മൃതദേഹം നാട്ടുകാർ തോട്ടിൽ കാണുന്നത്.
കെവിന്റെ മൃതദേഹം 20 മണിക്കൂറിലധികം വെള്ളത്തിൽ കിടന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം. അതും പ്രതികളുടെയും അനീഷിന്റെയും മൊഴികളും കണക്കിലെടുത്താൽ നീനു പൊലീസുകാർക്ക് മുന്നിൽ കരഞ്ഞപേക്ഷിക്കുന്പോൾ കെവിൻ മരണത്തിന് കീഴടങ്ങിയിരുന്നു. പ്രിയപ്പെട്ടവൻ വേർപിരിഞ്ഞെന്ന വിവരമറിയാതെയാണ് ആ പാവം അവർക്ക് മുന്നിൽ കരുണയ്ക്ക് വേണ്ടി കേണപേക്ഷിച്ചത്.
അനീഷ്, കെവിന്റെ അച്ഛൻ, നീനു ഇവർ മൂന്നുപേരും പരാതി നൽകാൻ എത്തിയിട്ടും പൊലീസ് എന്തുകൊണ്ട് ചെവിക്കൊണ്ടില്ലെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയത് ആരാണെന്നും , എവിടേക്കാണ് കൊണ്ടുപോയതെന്നും എഎസ്ഐ ബിജുവിന് അറിയാമായിരുന്നുവെന്ന് വ്യക്തം. ഇയാളെടുത്ത ഫോട്ടോകൾ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാഞ്ച് എന്നിവർക്ക് കൈമാറിയിരുന്നുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നീനുവിന്റെ പരാതി കിട്ടിയിട്ടും എസ്ഐ പരിഗണിക്കാതിരുന്നത് ഇതെല്ലാം അയാൾക്കും അറിയാമായിരുന്നോ എന്ന സംശയം ഉയർത്തുന്നുണ്ട്. കെവിന്റെ മരണത്തിലെ പൊലീസിന്റെ പങ്ക് വ്യക്തമാണ്. പക്ഷെ അത് ഏത് തലം വരെയെന്നതാണ് ഇനി അറിയേണ്ടത്.
