പ്രധാന കേസുമായി ഇതിന് ബന്ധമില്ലെന്ന് കോടതി നിരീക്ഷണം

കോട്ടയം: കെവിൻ കേസിൽ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. ഇതിനിടെ കേസ് വഴിതിരിച്ച് വിടാൻ പ്രതിഭാഗം കോടതിയിൽ ശ്രമം നടത്തി. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്ന കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കെവിൻ വധക്കേസിലെ മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് എ എസ് ഐ ബിജു ഡ്രൈവർ അജയകുമാർ എന്നിവർക്ക് ഏറ്റുമാനൂർ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്താൽ നിയമപരമായി ചോദ്യ ചെയ്യപ്പെടാമെന്നാണ് നിയമോപദേശം. അതിനാലാണ് അന്വേഷണ സംഘം ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങിയത്.

കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി ഡിവൈഎസ്പിയാണ് കോടതിയെ സമീപിക്കുന്നത്. ഗാന്ധി നഗർ സ്റ്റേഷനിലെ മുൻ എസ് ഐ ഉൾപ്പടെ 4 പൊലീസുകാർക്കെതിരെയുള്ള നടപടി തുടങ്ങി. വീഴ്ച പരിശോധിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി ഇവർക്ക് നോട്ടീസ് നൽകും 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം. പിരിച്ച് വിടൽ ഉൾപ്പടെയുള്ള നടപടികളാണ് ആലോചിക്കുന്നത്. 

അതേ സമയം മുഖ്യപ്രതിയുടെയും സാക്ഷിയുടേയും അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രധാന കേസുമായി ഇതിന് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഷാനു ഉൾപ്പടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന അപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ പരാമർശം. ചികിത്സ വേണമെങ്കിൽ പ്രത്യേകം അപേക്ഷ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.