കെവിൻ കൊലക്കേസിൽ അറസ്റ്റിലായവർ കുറ്റം സമ്മതിച്ചുവെന്ന് ഐ ജി വിജയ് സാക്കറെ കസ്റ്റഡിയിലായ എ എസ് ഐയുടേയും ഡ്രൈവറുടേയും അറസ്റ്റ് രേഖപ്പെടുത്തി പ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്
കോട്ടയം: കെവിൻ കൊലക്കേസിൽ അറസ്റ്റിലായ പൊലീസുകാര്‍ കുറ്റം സമ്മതിച്ചുവെന്ന് ഐ ജി വിജയ് സാക്കറെ. കസ്റ്റഡിയിലായ എ എസ് ഐയുടേയും ഡ്രൈവറുടേയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.
അതേസമയം, തട്ടികൊണ്ട് പോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിനായി ഷാനുവിനെ ഇവര്‍ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്. ഇരുവരെയും കോടതി 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കണം. അതേസമയം, കെവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വീണ്ടും കോടതി. ആശങ്കയുണ്ടാക്കുന്ന സംഭവമാണിതെന്നും ഷാനുവിന്റെയും ചാക്കോയുടേയും കസ്റ്റഡി റിപ്പോർട്ടില്‍ കോടതി നിരീക്ഷിച്ചു.
കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടികൊണ്ട് പോകൽ, ഗൂഡാലോചന, മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഇനി നാല് പേർ കൂടി പിടിയിലാവാനുണ്ട്.
കേസിൽ പൊലീസിന്റെ വീഴ്ച കൂടുതൽ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലർച്ചെ മൂന്നര മണിക്ക് തന്നെ ഗാന്ധിനഗർ സ്റ്റേഷനിൽ ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഫോൺ റെക്കോഡുകൾ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്.
