പ്രതികളെക്കുറിച്ചെല്ലാം വ്യക്തമായ സൂചന കിട്ടിയെന്നും എല്ലാവരും ഉടനെ അറസ്റ്റിലാവുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു.
കോട്ടയം:കെവിന്റെ മരണത്തില് 14 പേരെ പ്രതികളാക്കിയതായി പോലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില് ഉള്പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുയുടെ പിതാവ് ചാക്കോയും കേസില് പ്രതിപട്ടികയില് ഉണ്ട്.
കെവിനെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നീനയുടെ മാതാപിതാക്കള്ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച്ച വരെ കോട്ടയത്തുണ്ടായിരുന്ന ഇവരെക്കുറിച്ച് ഇപ്പോള് വിവരമൊന്നുമില്ല. ഇവര് ഒളിവില് പോയെന്നും പോലീസ് കസ്റ്റഡിയിലുണ്ടെന്നും അഭ്യൂഹമുണ്ട്.
കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരന് തിരുവനന്തപുരം വഴി നാഗര്കോവിലിലേക്കും അവിടെ നിന്നും തിരുനല്വേലിയിലേക്കും നീങ്ങിയെന്നാണ് പോലീസിന് ലഭിച്ച വിവരം ഇതിന്റെ അടിസ്ഥാനത്തില് ഇയാളെ കണ്ടെത്താനായി പാല ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെങ്കാശ്ശി, തിരുനല്വേലി മേഖലയില് തിരച്ചില് തുടരുകയാണ്.
കെവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയ ഐ20 കാറിൽ അറസ്റ്റിലായ നിയാസും റിയാസും ഉൾപ്പെടെ 6 പേർ പ്രതികൾ സഞ്ചരിച്ചിരുന്നു. കെവിന്റെ ബന്ധു അനീഷിനെ കയറ്റിയതടക്കം മറ്റു രണ്ട് കാറുകള് കോട്ടയം എത്തും മുന്പേ ഈ ഐ20 കാറുകള്ക്കൊപ്പം ചേര്ന്നു. കെവിന് കൊല്ലപ്പെട്ട ശേഷം സംഘാംഗങ്ങള് പലവഴിയ്ക്ക് പിരിയുകയും ചെയ്തു.
പ്രതികളെക്കുറിച്ചെല്ലാം വ്യക്തമായ സൂചന കിട്ടിയെന്നും എല്ലാവരും ഉടനെ അറസ്റ്റിലാവുമെന്നും കോട്ടയം എസ്പി ഹരിശങ്കര് അറിയിച്ചു. അതിനിടെ സസ്പെന്ഷനിലുള്ള ഗാന്ധിനഗർ എസ്.ഐ. എം.എസ്. ഷിബുവിന്റെയും സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും മൊഴി അന്വേഷണ ഉദ്യോഗസ്ഥര് രേഖപ്പെടുത്തി. ഇഷാൻ, നിയാസ്, റിയാസ് എന്നിവരുടെ അറസ്റ്റും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
