മാന്നാനത്തെ കെവിന്‍റെ മരണം വോട്ടെടുപ്പിനെ ബാധിച്ചോ? ചെങ്ങന്നൂരില്‍ നിന്ന് നേതാക്കള്‍ കോട്ടയത്തേക്കെത്തി ഉച്ചവരെ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്
ചെങ്ങന്നൂര്: കനത്ത മഴയെ അവഗണിച്ചും 20 ശതമാനം പേരാണ് ആദ്യ 3 മൂന്ന് മണിക്കൂറിനുള്ളിൽ ചെങ്ങന്നൂരിൽ വോട്ട് രേഖപ്പെടുത്തിയത്. പത്ത് മണിയോടുകൂടി കെവിന്റെ മരണവാർത്ത കേരളത്തെ ഞെട്ടിച്ചു. പൊലീസിന്റെ കനത്ത വീഴ്ച എന്നതിനുമപ്പുറം മുഖ്യമന്ത്രിയുടെ സുരക്ഷയും പ്രതികളുടെ ഡിവൈഎഫ്ഐ ബന്ധവും പുറത്തുവന്നതോടെ ഇടതുപക്ഷം കടുത്ത പ്രതിരോധത്തിലായി. കെവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പരമാവധി പേരിൽ എത്തിക്കാനായിരുന്നു യുഡിഎഫിന്റെയും ബിജെപയുടെയും ശ്രമം.
വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വലിയ പ്രചാരണമാണ് നടന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ചെങ്ങന്നൂരിൽ ഇന്ന് പൊതു അവധിയായതിനാൽ വാർത്താ ചാനലുകളിലൂടെയും പുതിയ വിവരങ്ങൾ ജനങ്ങൾ അറിഞ്ഞു. ഇതിനിടെ മണ്ഡലത്തിലെ ചില മേഖലകളിൽ കേബിൾ ടിവി കണക്ഷൻ പോയത് ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവച്ചു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ഇടതുപക്ഷം കേബിൾ ടിവി കണക്ഷൻ വിച്ഛേദിച്ചതാണെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ കനത്ത മഴയെ തുടർന്ന് കേബിൾ ടിവി പോയതാണെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചെങ്ങന്നൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ പരിപാടികളുമായി കോട്ടയത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കണ്ടു. ചെങ്ങന്നൂരിൽ പത്ത് മണിക്ക് ശേഷവും വോട്ടിംഗ് ശതമാനത്തിൽ കുറവ് വന്നിട്ടില്ല. മൂന്ന് മണിവരെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കെവിന്റെ മരണം ചെങ്ങന്നൂരിൽ ഏത് രീതിയിൽ പ്രതിഫലിച്ചുവെന്നത് ഫലം വരുന്ന ദിവസം മാത്രമെ കൃത്യമായി പറയാൻ കഴിയൂ. എങ്കിലും സംഭവം ഇടതുപക്ഷത്തിന് ഉണ്ടാക്കിയത് കടുത്ത ആശങ്കയാണ്.
