കെവിന്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശങ്കയോടെ കുടുംബം
കൊല്ലം: കോളിളക്കം സൃഷ്ട്ടിച്ച കെവിന്റ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു മാസം കഴിഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കെവിന്റ കുടുംബം വ്യക്തമാക്കുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അവ്യക്തത കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം കേസിലെ അഞ്ചാം പ്രതിയുടെ ജാമ്യാപേക്ഷയിൽ ഏറ്റുമാനൂർ കോടതി ഇന്ന് വിധി പറയും കഴിഞ്ഞ മാസം 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്.
ഷാനുവിന്റ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമാണിത്. 28 ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്റ മൃതദേഹം കണ്ടെത്തുന്നു. തട്ടിക്കൊണ്ടുപോയ ദിവസം നീനു പൊലീസ് സ്റ്റേഷനിൽ ഒരു ദിവസമിരുന്നിട്ടും കൃത്യമായി അന്വേഷിക്കാൻ തയ്യാറാകാത്ത പൊലീസിന്റെ നടപടി വിവാദമായി. ഒരു മാസത്തിനിടയിൽ നീനുവിന്റ അച്ഛനും സഹോദരനുമുൾപ്പടെ 14 പേർ കേസിൽ അറസ്റ്റിലായി. എന്നാൽ കെവിന്റേത് മുങ്ങിമരണമെന്ന റിപ്പോർട്ട് കുടുംബത്തെ ആശങ്കപ്പെടുത്തുന്നു
സിബിഐ അന്വേഷണം വേണമെന്ന പ്രതിഭാഗത്തിന്റ ആവശ്യത്തെ കെവിന്റ കുടുംബം തള്ളി. നീനുവിനെ വിട്ട് നൽകാൻ മുഖ്യസാക്ഷി അനീഷിന് പണം വാഗ്ദാനം ചെയ്തുവെന്ന് നീനുവിന്റ അച്ഛൻ ചാക്കോ കോടതിയിൽ ഉന്നയിച്ചു. മാനസികരോഗിയാണെന്ന ചാക്കോയുടെ വാദങ്ങളെ തള്ളി നീനു രംഗത്തെത്തി.
ദുരഭിമാനക്കൊല നടന്ന് ഒരു മാസം പിന്നിടുമ്പോൾ കെവിന്റ അച്ഛൻ വർക്ക്ഷോപ്പ് വീണ്ടും തുറന്നു. നീനു കോളേജിൽ പോയിത്തുടങ്ങി. സ്വന്തമായി വീട് നിർമിക്കാൻ കെവിന്റ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. പൊസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത തേടി ആരോഗ്യവകുപ്പ് ഡയറക്ടർക്കയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്
