കെവിന്‍റെ കൊലപാതകം കൊല്ലുമെന്ന് ഷാനു ഭീഷണിപ്പെടുത്തിയെന്ന് അനീഷ് ഭീതിയോടെ അനീഷ് സുരക്ഷ വേണമെന്നാവശ്യം
കോട്ടയം: കേസിൽപ്പെടുത്തിയാൽ ജാമ്യത്തിലിറങ്ങി കൊല്ലുമെന്ന് ഷാനു ഭീഷണിപ്പെടുത്തിയിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ട് പോയ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്. കേസിലെ പ്രധാനസാക്ഷിയായ അനീഷിന് സുരക്ഷ വേണമെന്നാണാവശ്യം.
വടിവാൾ കഴുത്തിൽ വെച്ച് നീനുവിനെ വിട്ടുതരണമെന്ന് ഷാനു ആവശ്യപ്പെട്ടപ്പോഴും അനീഷ് വഴങ്ങിയിരുന്നില്ല. ഒടുവിൽ ഭീഷണിപ്പെടുത്തി കോട്ടയത്തെത്തിച്ചപ്പോൾ കേസിൽപ്പെടുത്തിയാൽ ജാമ്യത്തിലിറങ്ങി കൊല്ലുമെന്ന് ഷാനു ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അനീഷ് പറയുന്നു. ഭീഷണിക്കിടയിൽ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് അനീഷ്. വീടിനോട് ചേർന്ന് ഒരു കട നടത്തിയിരുന്നു. ഇനി സ്വസ്ഥമായി അവിടെ കട നടത്താൻ കഴിയില്ലെന്ന് അനീഷ് പറയുന്നു.
കെവിനെ കൊലപ്പെടുത്താൻ ഗുണ്ടാസംഘം തീരുമാനിച്ചിരുന്നതായി റിമാന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വാഹനത്തിൽ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടർന്ന് പുഴയിലേക്ക് വീഴ്ത്തുകയായിരുന്നുവെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം തെന്മല ഭാഗത്ത് വച്ച് കെവിൻ ഇറങ്ങിയോടിയെന്നും ഇവിടെ ആഴമുള്ള പുഴയുണ്ടെന്നറിയാവുന്ന പ്രതികൾ പുറകെ ഓടി ചാലിയക്കര ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതായുമാണ് റിപ്പോർട്ടിൽ ഉള്ളത്.
വഴിയിൽ വാഹനം നിർത്തിയപ്പോൾ കെവിൻ ഇറങ്ങിയോടിയെന്ന മുഖ്യ പ്രതി ഷാനു ചാക്കോയുടെ മൊഴി ഖണ്ഡിക്കുന്നതാണ് റിമാന്റ് റിപ്പോർട്ട്. റിമാന്റ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി ഇന്ന് കൊല്ലത്തേക്ക് കൊണ്ടു പോകും. കേസിൽ ഇനി 4 പേർ കൂടി പിടിയിലാകാനുണ്ട്.
