തെൻമലയിലെ ചാക്കോയുടെ വീട് പൊലിസ് വളഞ്ഞു

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛൻ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്. ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞിരിക്കുന്നത്. കേസിലെ പ്രതിയായ ചാക്കോയും ഭാര്യ രഹ്നയും കോട്ടയത്ത് നിന്നും തെന്മലയിലേക്ക് മാറിയെന്ന് വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. 

എന്നാൽ ചാക്കോയും രഹ്നയും ഇപ്പോൾ വീട്ടിലില്ലെന്നാണ് വിവരം. പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്ന പൊലീസ് രേഖകൾ പരിശോധിക്കുകയാണ്. ഇന്ന് തന്നെ ചാക്കോയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം. ഇന്നലെ വരെ ചാക്കോ കോട്ടയത്തുണ്ടായിരുന്നു. ചാക്കോ ഒളിവിലാണെന്നാണ് വിവരം. എന്നാൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

കെവിൻ വധക്കേസിൽ ചാക്കോയുൾപ്പെടെ പതിനാല് പേരെയാണ് ഇപ്പോൾ പൊലീസ് പ്രതിചേർത്തിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് നീനുവിന്റെ മാതാപിതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്കും അവിടെ നിന്നും തിരുനല്‍വേലിയിലേക്കും നീങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താനായി പാല ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെങ്കാശ്ശി, തിരുനല്‍വേലി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.