കെവിൻ വധം കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്ക്കരിക്കാൻ ആലോചന
തിരുവനന്തപുരം: കെവിൻ വധക്കേസിൽ കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്ക്കരിക്കാൻ പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഷാനു ചാക്കോയെയും സംഘത്തെയും ഇന്ന് കൊല്ലത്തേക്ക് കൊണ്ട് പോകുമെന്നാണ് സൂചന. അറസ്റ്റിലായ രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷാനുചാക്കോയും സംഘവും കെവിനെ അന്വേഷിച്ച് കോട്ടയത്തേക്ക് വന്നത്. ഒരാഴ്ച കഴിയുമ്പോൾ കെവിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് ഷാനുവിനെ കൊല്ലത്തേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ് പൊലീസ്. ഷാനുവിന്റ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടില്ല.
എന്നാൽ കെവിൻ ഷാനുവിന്റെ കാറിൽ നിന്നും രക്ഷപ്പെട്ടതിന് ശേഷം എന്താണ് സംഭവിച്ചതെന്നതിന് പൊലീസിന് കൂടുതൽ വ്യക്തത വേണം, അതിനാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും നടന്ന സംഭവങ്ങൾ പൊലീസ് പുനരാവിഷ്ക്കരിക്കാൻ ആലോചിക്കുന്നത്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാകുന്നതിനൊപ്പമായിരിക്കും ഈ നടപടികളും. മൂന്ന് പേർ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ഒളിവിൽ കഴിയുന്ന നീനുവിന്റ അമ്മ റഹ്നക്കായുള്ള തെരച്ചിലും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.
