പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ അവസാന ടെലിവിഷൻ സംവാദത്തിൽ വ്യക്തിപരമായ ആരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികൾ. ഇമ്മാനുവൽ മാക്രാണ്‍ സമ്പന്നരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് മറി ലീയു പെൻ ആരോപിച്ചു. ലിയൂ പെൻ നുണ മാത്രം പറയുന്ന ആളെന്നായിരുന്നു മെക്രാണിന്‍റെ മറുപടി.
രണ്ടേമുക്കാൽ മണിക്കൂര്‍ നീണ്ടു നിന്നു ടെലിവിഷൻ സംവാദം. അവസാന വോട്ട് ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ ഇരു സ്ഥാനാര്‍ത്ഥികളും ഒരുക്കമായിരുന്നു. കിരാതമായ ആഗോള വൽക്കരണത്തിന്‍റെ സ്ഥാനാര്‍ത്ഥിയെന്നാണ് മാക്രാണിനെ ലിയൂ പെൻ വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ മാക്രാണ്‍ വിറ്റുതുലക്കുമെന്നും പെൻ ആരോപിച്ചു.
എന്നാൽ പെന്നിന്‍റെ നയങ്ങൾ വെറും നുണയാണെന്നും ഇതൊന്നും രാജ്യത്ത് നടക്കാൻ പോകുന്നില്ലെന്നും മാക്രാണ്‍ തിരിച്ചടിച്ചു.
രാജ്യസുരക്ഷയായിരുന്നു മറ്റൊരു പ്രധാന വിഷയം. ഭീകരവാദം തടയാൻ മാക്രാണിന്‍റെ പക്കൽ പദ്ധതികളൊന്നുമില്ലെന്ന് പെൻ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദത്തിനെതിരെ തുറന്ന പോരാട്ടം നടത്തുമെന്നായിരുന്നു ഇതിനുള്ള മാക്രാണിന്‍റെ മറുപടി.
തൊഴിലില്ലായ്മ,സാമ്പത്തിക വിഷയങ്ങളിലും ഇരുവരും കൊമ്പുകോര്‍ത്തു.ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 23.7 ശതമാനം വോട്ടാണ് ഇമ്മാനുവൽ മെക്രോൺ കിട്ടിയത്. ലിയു പെന്നിന് 21.7 വും. നിഷ്പക്ഷരായ 18 ശതമാനം വോട്ടര്‍മാരാണ് അന്തിമ റൗണ്ട് ഫലം നിര്‍ണ്ണയിക്കുക. ടെലിവിഷൻ സംവാദം ഇതിന് സഹായിക്കുമെന്നാണ് ഇരുക്യാമ്പും കരുതുന്നത്.
