ഗോള്‍ നേട്ടത്തില്‍ റെക്കോര്‍ഡ് ഇട്ട് ഹോണ്ട
എഗാറ്ററിന്ബര്ഗ്: കെസൂക്കി ഹോണ്ട എന്ന പേര് ലോകകപ്പില് കേള്ക്കാന് തുടങ്ങിയിട്ട് ഇപ്പോള് 12 വര്ഷമാകുന്നു. ജപ്പാന്റെ എഞ്ചിനായി കാല്പ്പന്ത് കളിയുടെ ഏറ്റവും വലിയ മാമാങ്കത്തില് പോരാടുന്ന ഹോണ്ട ഇന്ന് മറ്റൊരു നേട്ടം കൂടി സ്വന്തം പേരില് എഴുതി ചേര്ത്തിരിക്കുകയാണ്. ലോകകപ്പിലെ ഏഷ്യന് ഗോള് സ്കോറര്മാരുടെ പട്ടികയില് സെനഗലിനെതിരെയുള്ള ഗോളോടെ ഒന്നാം സ്ഥാനത്ത് എത്തിപ്പിടിച്ചിരിക്കുകയാണ് ഹോണ്ട.
ആഫ്രിക്കന് പടയുടെ വിജയ പ്രതീക്ഷകളെ തകര്ത്ത ഗോള് ഹോണ്ടയുടെ ലോകകപ്പിലെ നാലാമത്തെ ഗോളാണ്. 2010ല് ദക്ഷിണാഫ്രിക്കന് ലോകകപ്പില് ഡെന്മാര്ക്കിനെതിരെയും കാമറൂണിനെതിരെയും ഗോള് നേടിയാണ് ഹോണ്ട വരവറിയിച്ചത്. അന്ന് പ്രീക്വാര്ട്ടറില് എത്താന് ജപ്പാന് സാധിച്ചു. 2014ല് ഐവറി കോസ്റ്റിനെതിരെ ഹോണ്ട ഗോള് നേട്ടം മൂന്നാക്കി. പക്ഷേ, ഗ്രൂപ്പ് ഘട്ടം ജപ്പാന് കടന്നില്ല. സെനഗലിനെതിരെ പകരക്കാരനായി വന്ന് നിര്ണായകമായ സമനില ഗോളാണ് ഹോണ്ട ആഫ്രിക്കന് പോസ്റ്റില് നിക്ഷേപിച്ചത്.
