ദില്ലി: നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഗുഡ്ഗാവിലെ 300ഓളം മാസം വില്‍പ്പന ശാലകള്‍ നിര്‍ബന്ധമായി പൂട്ടിച്ചെന്ന് പരാതി. ശിവസേനാ പ്രവര്‍ത്തകര്‍ എന്ന പേരില്‍ എത്തിയ സംഘം കെ.എഫ്.സിയുടെ ഗുഡ്ഗാവ് സെക്ടര്‍ 14ലെ ഔട്ട്‍ലെറ്റും പൂട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ മാംസാഹരങ്ങള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് ഈ ദിവസങ്ങളില്‍ മാംസം വില്‍ക്കുന്ന ഒരു കടയും പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു കടകള്‍ കൈയ്യേറി ബലമായി പൂട്ടിച്ചത്. എല്ലാ ചൊവ്വാഴ്ചകളിലും അതുപോലെ നവരാത്രി ദിനങ്ങളിലും ഹിന്ദുക്കള്‍ മാംസാഹാരം കഴിക്കാറില്ലെന്നും ആ ദിവസങ്ങളില്‍ മാംസം വില്‍ക്കുന്നത് ശരിയാവില്ലെന്നും ശിവസേന എന്ന് അവകാശപ്പെട്ട റിതുരാജ് എന്നയാള്‍ പറഞ്ഞു. എന്നാല്‍ സംഭവം വാര്‍ത്താമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായതോടെ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ശിവസേന ഒഴിഞ്ഞുമാറി. തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു വക്താവ് ഇല്ലെന്നും സംഭവത്തില്‍ ഒരു പങ്കുമില്ലെന്നുമാണ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മാധ്യമ ഉപദേഷ്ടാവ് ഹര്‍ഷല്‍ പ്രധാന്‍ അറിയിച്ചത്.