ദില്ലി: സിഖ് തീവ്രവാദി ജസ്‌പാല്‍ അട്വാലിനെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കൊപ്പം അത്താഴ വിരുന്നിന് ക്ഷണിച്ച നടപടി കനേഡിയന്‍ ഹൈക്കമ്മീഷന്‍ റദ്ദാക്കി. പഞ്ചാബിലെ മുന്‍ മന്ത്രി മല്‍കിയാത് സിങ് സിദ്ദുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചായാളാണ് ജസ്‌പാല്‍ അട്വാല്‍. ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ, കാനഡ മന്ത്രി അമര്‍ജീത് സോഹി,എന്നിവര്‍ക്കൊപ്പം മുംബൈയിലെ സ്വകാര്യചടങ്ങില്‍ ജസ്‌പാല്‍ നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെയാണ് കനേഡിയന്‍ ഹൈക്കമ്മീഷന്‍ അത്താഴവിരുന്നിന് ജസ്‌പാലിന് നല്കിയ ക്ഷണം റദ്ദാക്കിയത്. നാളെയാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.