Asianet News MalayalamAsianet News Malayalam

അമിത് ഷാ വിമാനമിറങ്ങിയ സംഭവം: വിശദീകരണവുമായി കണ്ണൂർ വിമാനത്താവളഅതോറിറ്റി

അമിത് ഷായുടെ വിമാനം വന്നത് ചാർജ് അടച്ച്. ഉദ്​ഘാടനത്തിന് മുൻപ് നിതിൻ ​ഗഡ്കരിയുടേയും പിണറായിയുടേയും വിമാനങ്ങളും ഇറങ്ങും

kial explanation about arrival of amit sha
Author
Kannur, First Published Oct 29, 2018, 8:43 PM IST

കണ്ണൂർ: ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപേ കണ്ണൂർ വിമാനത്താവളത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിമാനമിറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കിയാൽ.  വിമാനത്താവളത്തിന് പ്രവർത്തനാനുമതിലഭിച്ച സാഹചര്യത്തിൽ നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് ഇറങ്ങുന്നതിന് തടസ്സമില്ലെന്നും, ചാർജ് ഈടാക്കിയാണ് അനുമതി നൽകിയതെന്നും ആണ് വിശദീകരണം. സംസ്ഥാന സർക്കാരല്ല, കിയാൽ ആണ് അനുമതി നൽകിയത്. ഡിസംബർ ആറ് വരെ അപേക്ഷിക്കുന്ന ആർക്കും വിമാനമിറക്കാൻ അനുമതി നൽകുമെന്നും കിയാൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഉദ്ഘാടന തിയതിക്ക് മുൻപേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത് വലിയ ചർച്ചയായിരുന്നു.  താൻ വന്നതോടെ വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞുവെന്ന് അമിത് ഷാ കൂടി നിൽക്കുന്നവരോട് പറയുന്നതായുള്ള വീഡിയോയും പ്രചരിച്ചിരുന്നു.  എന്നാൽ, വിമാനമിറങ്ങാനുള്ള അനുമതിയടക്കം അന്തിമ അനുമതികളെല്ലാം ലഭിച്ച സാഹചര്യത്തിൽ അമിത് ഷാ എത്തിയ സ്വകാര്യ വിമാനത്തിന് ലാൻഡിങ്ങിന് അനുമതി നൽകിയതിൽ അപാകതയില്ലെന്ന് കിയാൽ വിശദീകരിക്കുന്നു. 

അനുമതി നൽകിയത് സംസ്ഥാന സർക്കാർ അല്ലെന്നും കണ്ണൂർ അന്താരാഷ്ട വിമാനത്താവള അതോറിറ്റി ആണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.  നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് ഇങ്ങനെ അനുമതി നൽകാം. ഇതിന് നിശ്ചിത തുക ഈടാക്കിയിട്ടുമുണ്ട്.  മാത്രവുമല്ല. രണ്ട് നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് കൂടി അനുമതി നൽകിയിട്ടുമുണ്ട്.  ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി എത്തുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വിമാനങ്ങൾക്കാണ് ഈ അനുമതി എന്നാണ് വിവരം.  ഡിസംബർ ആറ് വരെ ഇത്തരത്തിൽ അപേക്ഷിക്കുന്ന ആർക്കും അനുമതി നൽകുമെന്നും കിയാൽ വ്യക്തമാക്കി.  ടെർമിനൽ ബിൽഡിങ്ങിന്റെ പണിപോലും തീരാതെ കഴിഞ്ഞ സർക്കാർ വിമാനമിറക്കിയതും വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios