തിരുവനന്തപുരം: ചടയമംഗലത്ത് കാറിലെത്തിയ നാലംഗ സംഘം യുവാവിനെ തട്ടികൊണ്ട് കൊണ്ടുപോയി മർദ്ദിക്കുകകയും ജനനേന്ദ്രിയത്തിൽ മുളകരച്ച് തേയ്ക്കുകയും ചെയ്‍തതായി പരാതി. തിരുവനന്തപുരം വെമ്പായം സ്വദേശി മുഹമ്മദ് ഷെമീറിനെയാണ് നാലംഗസംഘം മർദ്ദിച്ച് അവശനാക്കിയത്. മൂന്ന് പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാലാം തീയ്യതി രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നിലമേൽ ജംഗ്ഷനിൽ വാഹനം ഇറങ്ങിയപ്പോഴാണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. വാഹനത്തിനകത്ത് വച്ചും പിന്നീട് ആളൊഴിഞ്ഞ വീട്ടിലെത്തിച്ചും ക്രൂരമായി മർദ്ദിച്ച് അവശനാക്കി.
ജനനേന്ദ്രിയത്തിൽ കാന്താരി മുളകരച്ച് തേച്ചു. ബോധ രഹിതനായ ഷമീറിനെ പിന്നീട് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഷമീർ നേരത്തെ തിരുവനന്തപുരം പാപ്പാലയിലെ വാഹന വ്യാപാരികളിൽ നിന്നും കാർ വാടകയ്ക്കെടുത്തിരുന്നു. ഇതിൽ നാലായിരം രൂപ ഇനിയും നൽകാനുണ്ട്. ഇതാണ് മർദ്ദനത്തിന് കാരണം. എന്നാൽ പണം നൽകാൻ ഒരാഴ്ച സമയം ചോദിച്ചിരുന്നതായാണ് സമീർ പറയുന്നത്.
ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്വദേശികളായ അൻസാർ, രഞ്ജിത്ത്, തട്ടത്ത്മല സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതി ഹാരിസ് ഒളിവിലാണ്.
