ജിക്കുമോനും ഷിജിയും ബൈക്കിൽ കോഴിക്കോട് പോയി മടങ്ങി വരുമ്പോൾ തിരൂരിൽ വച്ച് മദ്യപിച്ചു. തുടർന്ന് ജിക്കുമോന്‍റെ പരിചയകാരനെ വിളിച്ചു വരുത്തി.
റാന്നി/തിരൂർ: റാന്നി സ്വദേശികളായ തട്ടിക്കൊണ്ടു പോയ ശേഷം മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാക്കളിൽ ഒരാളുടെ സുഹൃത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കേസിൽ യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റാന്നി ഐത്തല കൊച്ചേത്ത് ഷിജി (27), താഴത്തേതിൽ ജിക്കുമോൻ (27) എന്നിവരെ തട്ടി കൊണ്ട് പോയി പണമാവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ജിക്കുമോനും ഷിജിയും ബൈക്കിൽ കോഴിക്കോട് പോയി മടങ്ങി വരുമ്പോൾ തിരൂരിൽ വച്ച് മദ്യപിച്ചു. തുടർന്ന് ജിക്കുമോന്റെ പരിചയകാരനെ വിളിച്ചു വരുത്തി. ഇയാളുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.
മദ്യപിച്ച ശേഷം തർക്കമുണ്ടായി. ഇയാൾ വിളിച്ചതിനെ തുടർന്ന് എത്തിയ അക്രമി സംഘം ഇരുവരെയും കാറിൽ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. വീട്ടുകാരെ വിളിച്ച് മോചിപ്പിക്കാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു.വീട്ടുകാർ ഇതിനകം ജിക്കുമോനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കി തിരൂരിലെത്തിച്ച് റോഡരുകിൽ ഉപേക്ഷിച്ചു. ജിക്കുമോന് നേരത്തെ കഞ്ചാവ് ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തട്ടികൊണ്ട് പോകലിന് പിന്നിൽ ഇത്തരം സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. റാന്നി പൊലീസും തിരൂർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
