ദില്ലിയില്‍ നിന്ന് കാണാതായ രണ്ടര വയസ്സുള്ള ആണ്‍കുട്ടിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കുറ്റത്തിന് മൂന്ന് സ്ത്രീകള്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ കുട്ടിയെ വാട്ട്‌സ്ആപിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ചിത്രവും കൂടെ 1.8 ലക്ഷം രൂപയുടെ പ്രൈസ് ടാഗുമാണ് അപ്‌ലോഡ് ചെയ്തിരുന്നത്. വാടക ഗര്‍ഭധാരണ റാക്കറ്റിലുളളവരാണ് ഈ സ്ത്രീകളെന്നാണ് പോലീസ് നിഗമനം. 

ദില്ലിയില്‍ നിന്ന് കുട്ടിയെ മോഷ്ടിച്ച ശേഷം ഡല്‍ഹിയിലെ ആറു സ്ഥലങ്ങളിലായി മാറ്റി പാര്‍പ്പിക്കുകയായിരുന്നു. വാട്ട്‌സ്ആപില്‍ ഫോട്ടോകണ്ട ഒരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ സ്ത്രീകളില്‍ ഒരാള്‍ രഘുബീര്‍ നഗറിലെ ഒരു അമ്പലത്തില്‍ കുട്ടിയെ ഉപേക്ഷിക്കുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയക്കുറിച്ചുള്ള വിവരം കൈമാറിയതിന്റെ പേരിലുള്ള പ്രതിഫലത്തുകയെ പറ്റി സംസാരിക്കുന്നതിന് വേണ്ടി എന്ന വ്യാജേന പൊലിസ് ഇവരുമായി ബന്ധപ്പെടുകയും പിടികൂടുകയുമായിരുന്നു. രാധാ (40), സോണിയ (24),സരോജ (34), ജാന്‍ മുഹമ്മദ് 40 എന്നിവരാണ് പ്രതികള്‍.

ജൂണ്‍ 5 ന് ദില്ലി ജുമാ മസ്ജിദില്‍ രക്ഷിതാക്കള്‍ പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുക്കവെ ജാന്‍ മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വില്‍പ്പനയില്‍ കിട്ടുന്ന തുകയില്‍ നല്ലൊരു പങ്ക് ഇയാള്‍ക്ക് കൊടുക്കാമെന്ന ധാരണയില്‍ പ്രതി രാധയുടെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. സോണിയക്ക് 1 ലക്ഷത്തിന് രാധ കുട്ടിയെ വില്‍ക്കുകയും ഇവര്‍ പിന്നീട് 1.10ലക്ഷത്തിന് കുട്ടിയെ സരോജത്തിന് വില്‍ക്കുകയും ചെയ്തു. സരോജം 1.8 ലക്ഷത്തിന് കുട്ടിയുടെ ഫോട്ടോ അടക്കം വാട്ടസാപ്പ് ഗ്രൂപ്പില്‍ വില്‍പ്പനയ്ക്കായി ഇടുകയായിരുന്നു.