കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; കുട്ടിയുമായി അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍

ഇടുക്കി: വൃദ്ധ ദമ്പതികളെ ആക്രമിച്ച് നാലര വയസുകാരിയെ തട്ടിക്കൊണ്ട് പോയെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നു. ആരാണ് തട്ടിക്കൊണ്ടുപോയതെന്നും പരാതിക്കാരായ ദമ്പതിമാര്‍ വ്യക്തമാക്കി. കുഞ്ഞിന്‍റെ അച്ഛനും സുഹൃത്തുക്കളുമാണ് ആരോപണ വിധേയര്‍. പരാതിക്കാരാകട്ടെ അമ്മയുടെ മാതാപിതാക്കളും. നെടുംകണ്ടത്താണ് പൊലീസിനെ വട്ടം ചുറ്റിച്ച സംഭവം.

പിതാവിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി കുട്ടിയുടെ അമ്മയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം. കുട്ടിയുടെ പിതാവടങ്ങുന്ന സംഘം ഇരുവരെയും മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ടായിരുന്നു. ഇരുവരും നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ മരിച്ചതോടെ മകളെ അമ്മയുടെ മാതാപിതാക്കളായ വ്യദ്ധദമ്പതികള്‍ ഏറ്റെടുത്തു. മകന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവിന്‍റെ വിട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 

ഇവര്‍ തമ്മിലുള്ള കേസ് കട്ടപ്പന കുടുംമ്പ കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലുമെത്തി. കുട്ടിയെ മാസത്തില്‍ ഒരുദിവസം അച്ഛനൊപ്പം വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പനിബാധിച്ച കുട്ടിയെ വ്യദ്ധദമ്പതികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അച്ഛനും കൂട്ടുകാരും എത്തി. കുട്ടിയെ വിട്ടുകൊടുക്കാന്‍ വൃദ്ധദമ്പതികള്‍ വിസമ്മതിച്ചതോടെ കുട്ടിയെ ബലമായി എടുത്തുകൊണ്ടുപോയി. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത പ്രചരിക്കുന്നത്.

വൃദ്ധ ദമ്പതിമാരുടെ പരാതിയില്‍ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഹൈക്കോടതി വിധിയുടെ പകര്‍പ്പും ഹാജരാക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് കുട്ടിയെ കൊണ്ടുപോയതെന്നും അയാള്‍ പൊലീസില്‍ അറിയിച്ചു. ഇതോടെ ആശയക്കുഴപ്പത്തിലായ കട്ടപ്പന പോലീസ് ഇവരെ കുടുംമ്പ കോടതിയില്‍ ഹാജരാക്കി. പനിബാധിച്ച കുട്ടിയെ പരിചരിക്കുന്നതിനാണ് കൊണ്ടുപോയെതെന്ന് പിതാവ് അറിയിച്ചതോടെ കുട്ടിയെ ഒരുദിവസത്തേക്ക് പിതാവിനൊപ്പം വിടാന്‍ കോടതി അനുമതിനല്‍കി. അതേസമയം വൃദ്ധ ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.