തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്രസ കഴിഞ്ഞു മടങ്ങിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമം. സംഭവത്തില്‍ ആന്ധ്ര സ്വദേശികളായ നാടോടികളെ പൊലീസ് പിടികൂടി . ഇന്ന് രാവിലെയാണ് സംഭവം . മദ്രസ കഴിഞ്ഞു വരികയായിരുന്ന കുട്ടിയ്ക്ക് മിഠായി നല്‍കാമെന്ന് പറഞ്ഞ് കയ്യില്‍ കയറി പിടിക്കുകയായിരുന്നു.

ഭയന്ന കുട്ടി നാടോടി സംഘത്തിന്‍റെ കൈ തട്ടിമാറ്റി ഓടി. വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാടോടികളായ ദമ്പതികളെ വഴിയില്‍ കണ്ടെത്തി . തുടര്‍ന്ന് ഇവരെ തടഞ്ഞ് വച്ച് പൊലീസിനു കൈമാറുകയും ചെയ്തു . കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസ് എടുത്തു.

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിൽ ചിതറമൻ തണ്ട കദിരിയിൽ തിരുപാൽ നായിക്, ഭാര്യ ശാന്തമ്മ എന്നിവരാണ് പിടിയിലായത് . ഇവരെക്കുറിച്ചും ഭിക്ഷാടന സംഘങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു . പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും .