എന്നാൽ പെൺകുട്ടിയും ബന്ധുക്കളും വിവാഹത്തെ എതിർത്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനിൽ കുമാറിനെയും മകൻ അച്ചുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആസൂത്രിതമായി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് അവശരാക്കുകയായിരുന്നു.
തിരുവനന്തപുരം: കിളിമാനൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. സുധീഷ് എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. മൂന്ന് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവരാണ് ആദ്യം പിടിയിലായത്. പെൺകുട്ടിയോടുളള സ്നേഹം വീട്ടുകാരെ അറിയിക്കാൻ വേണ്ടിയാണ് ഈ മർദനമെന്ന വിചിത്രമായ ന്യായീകരണമാണ് പ്രതിയുടെ മൊഴി.
വളരെയധികം പണം ചെലവഴിച്ചും ആസൂത്രണം നടത്തിയുമാണ് തട്ടിക്കൊണ്ടുപോകലും മർദനവും നടത്തിയത്. അനിൽകുമാർ എന്നയാളുടെ മകളെ സുധീഷ് വിവാഹമാലോചിച്ചിരുന്നു. എന്നാൽ പെൺകുട്ടിയും ബന്ധുക്കളും വിവാഹത്തെ എതിർത്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനിൽ കുമാറിനെയും മകൻ അച്ചുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആസൂത്രിതമായി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് അവശരാക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഒരു രാത്രിയും പകലും നീണ്ട മർദനത്തിനൊടുവിൽ ഇരുവരെയും രക്ഷിച്ചത്. കഴിഞ്ഞ 16ാം തീയതി നടന്ന സംഭവത്തിൽ 4 പ്രതികളാണുള്ളത്. 3 പ്രതികൾ ഇന്ന് രാവിലെ ചിതറ പൊലീസിൽ കീഴടങ്ങി. മുഖ്യപ്രതിയായ സുധീഷും കീഴടങ്ങുകയാണ് ചെയ്തത്.
വിവാഹാലോചന നിരസിച്ചതിനെ തുടർന്നാണ് ബന്ധുക്കളെ ബന്ദിയാക്കി മർദിക്കാൻ തീരുമാനിച്ചത്. തുടർന്ന് ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ വീട്ടിലെ ഒരു മുറി സൗണ്ട് പ്രൂഫാക്കി ശബ്ദം പുറത്തുപോകാനാത്ത വിധത്തിലുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. വീട്ടിലേക്ക് ജോലിക്ക് എന്ന രീതിയിൽ വിളിച്ചുവരുത്തി കൈകാലുകൾ കെട്ടി മർദിച്ചു. അനിൽകുമാറിന്റെ ഫോണിൽ നിന്ന് മകനെ വിളിച്ചുവരുത്തി.
രണ്ട് പേരെയും കെട്ടിയിട്ടാണ് മർദിച്ചത്. അനിൽകുമാറിന്റെ ഭാര്യ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ഇവരെ രക്ഷിച്ചത്. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോഴാണ്, പൊലീസ് പിടിച്ചാലും വേണ്ടില്ല, തന്റെ സ്നേഹം അറിയിക്കാൻ ഇതല്ലാതെ വേറെ ഒരു മാർഗവും കണ്ടില്ല എന്നാണ്. മർദിച്ച്, ഭീഷണിപ്പെടുത്തി വിവാഹം നടത്താനായിരുന്നു തീരുമാനം. സുഹൃത്തുക്കളിലൊരാൾ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാരകായുധങ്ങൾ കൊണ്ട് മർദിക്കുകയാണ് പ്രതികൾ ചെയ്തത്.

