ഹരിയാനയില്‍ വീണ്ടും ദുരഭിമാനക്കൊല. റോത്തക്കില്‍ അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന് ബന്ധുക്കള്‍ യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ഹരിയാനയിലെ രോതക് സ്വദേശിയായ സീമ അന്യമതത്തില്‍പ്പെട്ട പ്രദീപ് എന്നയാളെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം.വിവാഹശേഷം സീമ വീട്ടിലെത്തി മാപ്പുചോദിച്ചു. എന്നാല്‍ സീമ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് പിറ്റേന്ന് ഭര്‍ത്താവ് പ്രദീപ് അറിയുന്നത്. ഇതറിഞ്ഞ് ഇയാള്‍ സീമയുടെ വീട്ടിലെത്തി. മൃതദേഹം ദഹിപ്പിക്കുന്നതിനായി കൊണ്ടുപോയെന്നറിഞ്ഞ പ്രദീപ് പൊലീസില്‍ പരാതിപ്പെട്ടു. സീമയെ വീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് പ്രദീപിന്റെ ആരോപണം. പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം ചിതയില്‍ നിന്നുപുറത്തെടുത്തു. സീമയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദീപിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് രോതക് ഡി എസ് പി പുഷ്പ ഖത്രി പറഞ്ഞു.