കോഴിക്കോട് കുറ്റിയാടിയിലാണ് ആദ്യ സംഭവം. നിര്‍മ്മാണ തൊഴിലാളിയാ പയ്യോളി സ്വദേശി ദാമോദരനാണ് വൈകീട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണത്. കുറ്റിയാടി പുഴയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന ദാമോദരന്‍. ശരീരത്തില്‍ പൊളളലേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കാരശ്ശേരിയിലെ തോട്ടക്കാട് ആദിവാസി കോളനിയിലെ ചെറിയരാമനാണ് കോഴിക്കോട് സൂര്യാഘാതമേറ്റ് മരിച്ച രണ്ടാമത്തെയാള്‍.

കൂലിപ്പണിക്കാരനായിരുന്ന ചെറിയരാമനെ സൂര്യാഘാതമേറ്റ നിലയില്‍ ഉച്ചയോടെയാണ് കാരശ്ശേരിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴും ഇയാള്‍ മരിച്ചിരുന്നു. കനത്ത ചൂടാണ് കോഴിക്കോട് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ശനിയാഴ്ചയും 40 ഡിഗ്രിയോടടുത്ത താപനിലയാണ് കോഴിക്കോട് രേഖപ്പെടുത്തിയത്.

ഇടുക്കിയിലും രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. വണ്ടിപെരിയാറിലെ ഗ്രാന്‍റ്പി എസ്‌റ്റേറ്റിലെ തൊഴിലാളികളായ
വിക്രമന്‍,വി.രാജന്‍ എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഇരുവര്‍ക്കും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.സംസ്ഥാനത്ത് ഇതുവരെ സൂര്യാഘാതമേറ്റ് പത്ത് പേരാണ് മരിച്ചത്. 166 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വരുദിവസങ്ങളില്‍ സൂര്യാഘാതം സംഭവിക്കാന്‍ സാധ്യതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പുണ്ട്. പകല്‍ 11മുതല്‍ മൂന്നുവരെ പുറംജോലികള്‍ നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി.