ഗാന്ധിനഗര്‍: പശുവിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പാശ്ചാത്തലത്തില്‍ ഇത് ആദ്യമായാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഒരു പരാമര്‍ശം നടത്തുന്നത്. അടുത്തിടെ ജുനൈദ് എന്ന കൗമരക്കാരനെ ബീഫ് കഴിക്കുന്നവന്‍ എന്ന പേരില്‍ ഹരിയാനയിലെ ട്രെയ്നില്‍ വച്ച് ഒരു കൂട്ടം കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്‍റെ 150മത് വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപിതാവിന്‍റെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് അന്യന് എതിരായ ആക്രമണം. പശുഭക്തിയുടെ പേരില്‍ നടത്തുന്ന കൊലപാതകം ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല, ഇത് ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ്. എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കണം, എല്ലാവരും ഒന്നായി ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കണം പ്രധാനമന്ത്രി ഉദ്ഘാടന സമ്മേളനത്തിലെ പ്രഭാഷണത്തില്‍ പറഞ്ഞു.
രാജ്യത്തെ ഒരാള്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ല. സ്വതന്ത്ര്യസമര സേനാനികള്‍ അഭിമാനിക്കുന്ന ഒരു ഇന്ത്യയാണ് നമ്മുക്ക് സൃഷ്ടിക്കേണ്ടത്. ആക്രമണങ്ങള്‍ ഒരു പ്രശ്നത്തിനും പരിഹാരമല്ല, ഒരു സമൂഹത്തില്‍ ആക്രമണങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നും മോദി സൂചിപ്പിച്ചു.
