കൊലാലംപൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനിന്‍റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യ കടുത്ത നിലപാടിലേയ്ക്ക്. നാമിന്റെ മരണത്തിന്റെ പേരില്‍ ഉത്തരകൊറിയന്‍ സ്ഥാനപതിയെ മലേഷ്യ പുറത്താക്കി. മലേഷ്യയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ ക്യാങ് ചോലിനോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്നും മലേഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നാമിന്റെ കൊലപാതകത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ ഭരണകൂടമാണെന്നാണ് ദക്ഷിണകൊറിയ ആരോപിച്ചിരുന്നത്. എന്നാല്‍ നാമിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും, ഉത്തരകൊറിയയെ രാഷ്ട്രീയമായി ആക്രമിക്കാന്‍ സംഭവം ഉപയോഗിക്കുകയാണെന്നുമാണ് ഉത്തര കൊറിയ അഭിപ്രായപ്പെട്ടത്. കേസ് മലേഷ്യ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിശ്വാസമില്ലെന്നും അംബാസഡര്‍ ക്യോങ് ചാല്‍ വ്യക്തമാക്കിയിരുന്നു.
ക്യോങ് ചാലിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രംഗത്തെത്തിയിരുന്നു. നയതന്ത്രമര്യാദയ്ക്ക് നിരക്കാത്തതാണ് ഉത്തരകൊറിയന്‍ അംബാസഡറുടെ അഭിപ്രായമെന്നായിരുന്നു നജീബ് റസാഖ് അഭിപ്രായപ്പെട്ടത്. നാമിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന ഉത്തരകൊറിയയുടെ ആവശ്യം മലേഷ്യന്‍ പൊലീസ് നിരാകരിച്ചിരുന്നു.
കൊലാലംപുര്‍ വിമാനത്താവളത്തില്‍വച്ച് ഫെബ്രുവരി 13 നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനിന്റെ അര്‍ധസഹോദരനായ നാം വിഷപ്രയോഗത്തില്‍ മരിച്ചത്. മാരകമായ വിഎക്‌സ് എന്ന മാരകമായ രാസ പദാര്‍ത്ഥമാണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു.
വിയറ്റ്‌നാമില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള രണ്ട് യുവതികളാണ് ദ്രവരൂപത്തിലുള്ള വിഷ പദാര്‍ത്ഥം നാമിന്റെ മുഖത്ത് തേച്ചത്. ഉപയോഗിച്ച വിഷ പദാര്‍ത്ഥം ഏതാണെന്ന് അറിയില്ലെന്നും കൃത്യത്തിന് ശേഷം കൈ കഴുകണമെന്ന നിര്‍ദേശമാണ് ലഭിച്ചിരുന്നതെന്നും മലേഷ്യന്‍ പൊലീസിന്റെ പിടിയിലായ യുവതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉത്തരകൊറിയന്‍ പൌരന്‍ റി ജോങ് ചോലിനെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു.
