ക്വാലലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാം മലേഷ്യയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു യുവതി കൂടി ഇന്ന് പിടിയിലായി. വിയറ്റ്നാംകാരിയായ യുവതിയാണ് ഇന്ന് പിടിലായത്. ഉത്തര കൊറിയയുടെ ചാരസംഘടനയിൽ അംഗങ്ങളാണ് ഇവർ എന്നാണ് സംശയം.
ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ധ സഹോദരനായ കിം ജോങ് നാം രണ്ടു ദിവസം മുമ്പാണ് മലേഷ്യയില്‍ വധിക്കപ്പെട്ടത്. ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് വിഷം തീണ്ടിയായിരുന്നു മരണം.രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചു നാമിനെ കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നു.
കൊലപാതകത്തിന്‍റെ അന്താരാഷ്ട്രം പ്രാധാന്യം കണക്കിലെടുത്ത് ഉടൻ തന്നെ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. ക്വാലാലംപൂർ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെയാണ് കൊലയാളി സംഘത്തിലെ അംഗമായ യുവതി പിടിയിലായത്. മലേഷ്യൻ പാസ്പോർട്ടുള്ള ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ന് വിയറ്റ്‌നാം പാസ്‌പോര്‍ട്ടുള്ള ഒരു വനിതയെ കൂടി പിടികൂടിയത് .
രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരും കൊലപാതകത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയാളി സംഘത്തെ സഹായിച്ചെന്ന് സംശയിക്കുന്ന ടാക്‌സി ഡ്രൈവറും പിടിയിലായിട്ടുണ്ട്. ഉത്തരകൊറിയന്‍ഭരണകൂടം അയച്ച ഏജന്‍റുമാരാണ് നാമിന്‍റെ കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം.
പുരോഗമനവാദിയായ നാം മുന്‍പ് ഉത്തരകൊറിയയിലെ കുടുംബഭരണത്തിനെതിരെ സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. അനന്തരാവകാശിയാകുമെന്ന് ഒരിക്കല്‍ കരുതിയിരുന്നുവെങ്കിലും 2001ല്‍വ്യാജ പാസ്‌പോര്‍ട്ട് ചമച്ച് ജപ്പാനിലോക്ക് കാടക്കാൻ ശ്രമിച്ചതോടെ നാം ഉത്തര കൊറിയൻ ഭരണ കുടുംബത്തിന് അനഭിമതനായി.
തുടർന്ന് രാജ്യവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവില്‍ പ്രവാസത്തിലായിരുന്നു.
കിം ജോങ് ഉന്‍കൊലപ്പെടുത്തിയ അമ്മാവൻ ഴാങ് സോങ് തേയുമായും അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു കൊല്ലപ്പെട്ട നാം.
