ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി കിം ജോങ് ഉൻ ഉത്തരകൊറിയയുടെ ആണവ പരീക്ഷണശാല അടുത്ത മാസം അടച്ചുപൂട്ടും
വടക്കൻ കൊറിയയുടെ ആണവ പരീക്ഷണശാല അടുത്ത മാസം അടച്ചുപൂട്ടുമെന്ന് തെക്കൻ കൊറിയ. ഇരുകൊറിയകളുടെയും രാഷ്ട്രത്തലവൻമാർ തമ്മിൽ നടന്ന ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായി തെക്കൻ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫീസാണ് അറിയിച്ചത്.
2006 മുതൽ ആറ് തവണ അണുപരീക്ഷണം നടന്ന പങ്‍യേ റി പരീക്ഷണശാല മെയിൽ അടച്ചുപൂട്ടുമെന്ന് വടക്കൻ കൊറിയ ഉറപ്പ് നൽകിയതായാണ് തെക്കൻ കൊറിയ പറയുന്നത്. തെക്കൻ കൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദഗ്ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാകും അടച്ചുപൂട്ടലെന്നാണ് അറിയിപ്പ്. ഇരുകൊറിയകളുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന ചരിത്ര പ്രധാനമായ കൂടിക്കാഴ്ചയിൽ ആണവനിരായുധീകരണത്തിന് ധാരണയായിരുന്നു. എന്നാൽ തീരുമാനം എന്ന് നടപ്പാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നു. ഇതിനിടയിലാണ് പ്രഖ്യാപനം.
അതേസമയം കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ വടക്കൻ കൊറിയയുടെ ഈ ഭൂഗർഭ ആണവ പരീക്ഷണ കേന്ദം തകർന്നതായി ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ പരീക്ഷണം നടത്താൻ കഴിയാത്ത വിധം തകർന്നത് കൊണ്ട് മാത്രമാണ് വടക്കൻ കൊറിയയുടെ തീരുമാനമെന്നും വിലയിരുത്തലുണ്ട്. എന്നാൽ വടക്കൻ കൊറിയ അമേരിക്കയുമായി അടുക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ചൈനയുടെ ആരോപണമെന്ന സംശയവും നിലനിൽക്കുന്നു. വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന നടന്നാൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും.
പ്രദേശിക സമയത്തിൽ അര മണിക്കൂർ മാറ്റം വരുത്തി തെക്കൻ കൊറിയയുടേതിന് സമാനമാക്കാനും വടക്കൻ കൊറിയ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെ ഒരു മാസത്തിനകം തന്നെ വടക്കൻ കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
