സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. നാളെ മുതല്‍ നാല് ദിവസമാണ് രാജാവിന്റെ റഷ്യന്‍ പര്യടനം. അറബ് മേഖലയിലെ സംഘര്‍ഷം, എണ്ണ പ്രതിസന്ധി തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സൗദി രാജാവിന്റെ ചരിത്ര സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു സൗദി രാജാവ് റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ ക്ഷണപ്രകാരം നാളെ ആരംഭിക്കുന്ന സല്‍മാന്‍ രാജാവിന്‍റെ സന്ദര്‍ശനം നാല് ദിവസം നീണ്ടു നില്‍ക്കും. സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പു വെക്കും. എണ്ണ വിപണിയിലെ പ്രതിസന്ധി, പ്രതിരോധ മേഖലയിലെ സഹകരണം, വാണിജ്യ നിക്ഷേപ ബന്ധത്തിലെ വളര്‍ച്ച, അറബ് മേഖലയിലെ സംഘര്‍ഷം തുടങ്ങിയവ സല്‍മാന്‍ രാജാവ് പുട്ടിനുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 100 കോടി ഡോളറിന്റെ സംയുക്ത ഊര്‍ജ പദ്ധതിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെക്കുമെന്നാണ് സൂചന. പെട്രോ കെമിക്കല്‍ പ്ലാന്‍റ്, നാച്ചുറല്‍ ഗ്യാസ് പ്രൊജക്റ്റ് തുടങ്ങിയ ഇതിന്റെ ഭാഗമായി നിലവില്‍ വരും.
സൗദിയിലെ നൂറുക്കണക്കിനു വ്യവസായികള്‍ ഉള്‍പ്പെടെ വലിയൊരു സംഘം രാജാവിനെ അനുഗമിക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സൗദി-റഷ്യ ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറം സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. റഷ്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറം ഏകദിന ഫോറം സംഘടിപ്പിക്കും. 2007 ഫെബ്രുവരിയില്‍ വ്ലാദിമിര്‍ പുട്ടിന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഒരു റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യത്തെ സൗദി സന്ദര്‍ശനമായിരുന്നു അത്. സിറിയന്‍ പ്രശ്നത്തില്‍ ബഷാര്‍ അല്‍ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യയുടെ നിലപാടിനോട് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സൗദി രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനു ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്.
