കൊല്ലം: കൊല്ലം കൃഷ്ണകുമാര്‍ തിരോധാനക്കേസ് കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിലെ മുഖ്യപ്രതി കൊമ്പന്‍ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് മദ്യപാനത്തിനിടെ റോയി സുഹൃത്തുക്കളോട് കൊലപാതകവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് കൃഷ്ണകുമാര്‍ തിരോധാനക്കേസില്‍ ഉണ്ടായിരിക്കുന്നത്. 2014 നവംബറിലാണ് കൊല്ലം ചിന്നക്കട സ്വദേശി കൃഷ്ണകുമാറിനെ കാണാതാകുന്നത്. നിരവധി അടിപിടിക്കേസുകളില്‍ പ്രതിയായ ഇയാളുടെ തിരോധാനത്തിന് പിന്നില്‍ പൊലീസാണെന്ന് ആദ്യം ആക്ഷേപമുണ്ടായിരുന്നു. കൃഷ്ണകുമാറിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം സ്‌റ്റേഷന്‍ വളപ്പില്‍ കുഴിച്ചുമൂടിയതായി ഇയാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയ സംഭവമുണ്ടായി. പൊലീസിനെതിരെ മനുഷ്യാവകാശകമ്മീഷന്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി തുടങ്ങിയവര്‍ അന്വേഷണവും പ്രഖ്യാപിച്ചു. പിന്നീട് എങ്ങുമെത്താതെ പോയ കേസിലാണ് ഇപ്പോള്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. മൂന്ന് ദിവസം മുന്‍പ് ഒരു മദ്യപാന സദസില്‍ കൃഷ്ണകുമാറിന്റെ സുഹൃത്ത് കൂടിയായ കൊമ്പന്‍ റോയി എന്ന റോയി തന്റെ മറ്റ് സുഹൃത്തുക്കളോട് കൊലപാതകവിവരം പറഞ്ഞു. ഭാര്യയേയും മകളേയും ശല്യം ചെയ്തതിനാണ് കൊലപാതകം നടത്തിയത്. ചിന്നക്കടയിലെ എഫ്എസിഐ ഗോഡൗണിന് സമീപം മരുകുന്‍, അയ്യപ്പന്‍ എന്നീ സുഹൃത്തുക്കളുമായി എത്തി മദ്യപിച്ചു. കൃഷ്ണകുമാറിനെ അങ്ങോട്ട് വിളിച്ച് വരുത്തി. തലയ്ക്കടിച്ച് കൊലപ്പെടുത്തി. പകല്‍ മുഴുവനും മൃതദേഹത്തിന് കാവല്‍ നിന്നു. രാത്രി സെപ്റ്റിക് ടാങ്കിലിട്ട് മൂടി. തലയറുത്ത് മറ്റൊരു പുരയിടത്തില്‍ കുഴിച്ചിട്ടു.
കൃഷ്ണകുമാര്‍ തിരോധാനക്കേസില്‍ അന്വേഷണം നടക്കുമ്പോഴൊക്കെ പ്രതി ഒന്നുമറിയാത്ത മട്ടില്‍ കൊല്ലത്ത് തന്നെ ഉണ്ടായിരുന്നു. പൊലീസ് പ്രതിയെ തേടി ആന്ധ്രയിലെത്തുക വരെ ചെയ്തു. ഇന്ന് രാവിലെ റോയിയുമായി എത്തി പൊലിസ് സെപ്ടിക് ടാങ്ക് തുറന്ന് പരിശോധന നടത്തി. അസ്ഥിയും മറ്റ് ശരീരാവശിഷ്ടങ്ങളും കിട്ടി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിച്ചു.
