പാകൂര്‍: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരസ്യ ചുംബന മത്സരം. റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണ് വിചിത്രമായ മത്സരം അരങ്ങേറിയത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു മത്സരത്തില്‍ പങ്കെടുത്തത്.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം)യുടെ എംഎല്‍എയായ സിമോന്‍ മരന്ദിയാണ് മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയതെന്ന് സിനോന്‍ മരന്ദി പ്രതികരിച്ചു. ഇത്തരമൊരു മത്സരം ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് എംഎല്‍എ പറഞ്ഞത്.
കഴിഞ്ഞ 37 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായാണു ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം കൂട്ടിച്ചേര്‍ത്തത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു 'ലിപ് ലോക്ക്' ചെയ്ത ചുംബനം നടത്തിയത്. വലിയൊരു ഫുട്‌ബോള്‍ ഗ്രൌണ്ടിലാണു മത്സരം അരങ്ങേറിയത്.

