കീഴാറ്റൂര്‍: ബൈപ്പാസ് നിർമ്മാണത്തിന് വിദഗ്ദസംഘം മുന്നോട്ടുവെച്ച താൽക്കാലിക സമവായം പാഴായി. പുതിയ അലൈൻമെന്റ് തള്ളി കീഴാറ്റൂരിൽ വീണ്ടും സമരം തുടങ്ങി. പുറമെ സമീപപ്രദേശമായ പ്ലാത്തോട്ടത്തും നാട്ടുകാര്‍ സമരത്തിലാണ്. പുതിയ അലൈൻമെന്‍റിൽ കൂടുതൽ വയലുകളും തണ്ണീർത്തടങ്ങളും ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക
മന്ത്രി നിയോഗിച്ച വിദഗ്ദസംഘം കീഴാറ്റൂരിലെത്തിയതോടെ എല്ലാം സമവായത്തിലെത്തിയെന്ന് സിപിഎമ്മും സർക്കാരും കരുതിയ സമരമാണ് വീണ്ടും കത്തുന്നത്. വിദഗ്ദസംഘത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചാൽ, തങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കീഴാറ്റൂർ വയലിനു പുറമെ കിഴക്കുഭാഗത്തെ ഏക്കറുകണിക്കിന് വയലുകളും തോടുകളും ഇല്ലാതാകുമെന്ന് ഇവർ പറയുന്നു.
മാത്രമല്ല, പുതിയ അലൈന്‍മെന്‍റ് അംഗീകരിച്ചാൽ നൂറിലധികം വീടുകളും തണ്ണീർത്തടങ്ങളും ഇല്ലാതാകുമെന്ന ആശങ്കയാണ് പ്ലാത്തോട്ടം നിവാസികൾക്കുള്ളത്. ഇവരും കീഴാറ്റൂരുകാർക്കൊപ്പം ചേർന്ന് സമരത്തിനിറങ്ങുകയാണ്. തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ സിപിഎം ശക്തികേന്ദ്രങ്ങളാണ് കീഴാറ്റൂരും പ്ലാത്തോട്ടവും. അതിനാൽ തന്നെ പുതിയ സമര മുഖത്തെ സമ്മേളനത്തിരക്കിലുള്ള സിപിഎം എങ്ങനെ നേരിടുമെന്നത് കാത്തിരുന്ന് കാണണം.
