കോഴിക്കോട്: ഗാനഗന്ധര്‍വന്‍ യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് കോഴിക്കോട് 12 മണിക്കൂര്‍ നീണ്ട ഗാനാഞ്ജലി. ജനുവരി 10 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

നഗരത്തില്‍ പുതുതായി രൂപം കൊണ്ട റ്റൂ ക്ലഫ്‌സ് മ്യൂസിക് ബാന്‍ഡാണ് ഈ ഉദ്യമത്തിനു പിന്നില്‍. സംഗീത സംവിധായകനും, ഗായകനും, പ്രസിദ്ധ സംഗീത സംവിധായകന്‍ രാജാമണിയുടെ ശിഷ്യനുമായ കുമാര്‍വല്‍സല്‍ ആണ് ഈ ഗാനാഞ്ജലി നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 70 ഓളം ഗാനങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടി എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരിക്കും. ഇത്രയും തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങള്‍ ഒരുവേദിയില്‍ ഒരുദിവസം കൊണ്ട് ആലപിക്കുന്നത് കോഴിക്കോടിന് ഒരു പുതിയ അനുഭവമായിരിക്കും.