തിരുവനന്തപുരം: ഗായകന്‍ യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി. ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് യേശുദാസ് സത്യവാങ്മൂലം നല്‍കിയിരുന്നു. 

ഇക്കാര്യം പരിശോധിച്ച ശേഷം ക്ഷേത്രപ്രവേശനത്തിന് അനുമതിയായെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി. രതീശന്‍ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇപ്പോള്‍ അമേരിക്കയിലാണ് യേശുദാസ്. വിജയദശമി ദിനത്തില്‍ ക്ഷേത്ര സന്ദര്‍ശന് യേശുദാസ് എത്തുമെന്നാണ് കരുതുന്നത്.

സുപ്രിം കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണം നടത്തുന്നത്. കമ്മിറ്റി ചുമതലയേറ്റതിന് ശേഷം ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് ദര്‍ശനം നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയ യേശുദാസിന് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ വിലക്കുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പലതവണ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇതുവരെ യേശുദാസിന് ഇത് സാധിച്ചിട്ടില്ല.