ഇടുക്കി: മന്ത്രി എം.എം. മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍.സിപിഐയെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞുനിന്ന് രണ്ടു പറയാന്‍ മടിക്കില്ലെന്ന് ശിവരാമന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം വേദിയിലാണ് കെ.കെ.ശിവരാമന്‍ തുറന്നടിച്ചത്.
എം.എം. മണിതുടര്‍ച്ചയായ മുന്നണി മര്യാദ ലംഘനമാണ് നടത്തുന്നത്. സിപിഐയെയും സിപഐ നേതാക്കളെയും മോശമായി ചിത്രീകരിക്കാന്‍ മണി ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ വ്യക്തമാക്കണം. 64 ല്‍ സിപിഎം ഊരിപ്പിടിച്ച വാളിനും ഉയര്‍ത്തിയ കത്തികള്‍ക്കുമിടയിലൂടെ നടന്ന പ്രസ്ഥാനമാണ് സിപിഐ. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ വിളിക്കണം. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വാക്കുകള്‍. പ്രതിനിധി സമ്മേളനം നെടുങ്കണ്ടം ടൗണ്‍ ഹാളില്‍ ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
