കോട്ടയം: അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ ബിജെപിയോടുള്ള എതിര്‍പ്പ് ശക്തമായി ഉന്നയിച്ച് കെ എം മാണി രംഗത്തെി. കണ്ണന്താനത്തെ മന്ത്രിയാക്കിയത് കൊണ്ട് ബിജെപിക്ക് ഒരു നേട്ടവുമുണ്ടാകില്ലെന്നും അവരുടെ നയവുമായി ഒത്തുപോകാന്‍ ആര്‍ക്കും കഴിയില്ലെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു. ഇതിനിടെ കണ്ണന്താനം പാല ചങ്ങനാശ്ശേരി രൂപതാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.

യുഡിഎഫ് വിട്ട് ഒറ്റക്ക് നില്‍ക്കുന്ന കേരളകോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ ഒപ്പം നിര്‍ത്തണമെന്ന താല്പര്യം ബിജെപി സംസ്ഥാനഘടനകത്തിനുമുണ്ടായിരുന്നു. കെ എം മാണിയും എന്‍ഡിഎയോട് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭാപുനസംഘടനയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതോടെ ഈ നീക്കം അടഞ്ഞ അധ്യായമായി. ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം മാണി രംഗത്തെത്തിയത്.

കേരളീയര്‍ പ്രബുദ്ധരാണെന്ന് വിശദീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കൊണ്ട് ന്യൂനപക്ഷവോട്ടുകള്‍ ബിജെപിക്ക് കിട്ടില്ലെന്ന് മാണി പറയാതെ പറഞ്ഞു. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പാല ചങ്ങനാശ്ശേരി രൂപതാ ആസ്ഥാനം സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി അതിരൂപതാആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി മന്ത്രി ചര്‍ച്ച നടത്തി. മണര്‍കാട് പള്ളിയിലും അദ്ദേഹം സന്ദര്‍ശിച്ചു.