നനഞ്ഞ പടക്കമായി കെഎം മാണി നേട്ടമുണ്ടാക്കി വെള്ളാപ്പള്ളിയും ശോഭന ജോർജും

ചെങ്ങന്നൂരിലെ എൽഡിഎഫിന്‍റെ ഉജ്ജ്വലവിജയത്തിൽ ചിരിക്കുന്നതാര്? തലതാഴ്ത്തി നിൽക്കുന്നതാര്? ഒറ്റനോട്ടത്തിൽ തന്നെ ചിത്രം വ്യക്തമാണ്. അവസാന നിമിഷം വരെ വിലപേശി യുഡിഎഫിന് പിന്തുണ നല്‍കിയ കെ എം മാണിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു. മാണിയുടെ അവകാശവാദങ്ങളെല്ലാം നന‌ഞ്ഞ പടക്കമായി. സഖ്യകക്ഷിയായ ബിജെപിയെ പാഠം പഠിപ്പിക്കാനിറങ്ങിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും , മുൻപാളയത്തിലുള്ളവർക്ക് മറുപടി നൽകാൻ കച്ചകെട്ടിയിറങ്ങിയ ശോഭന ജോർജിനും മനസ്സറിഞ്ഞ് ചിരിക്കാം. 

കേരളാ കോൺഗ്രസ് പിന്തുണ ചെങ്ങന്നൂരിൽ നിർണ്ണായകമാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ വിലയിരുത്തൽ. എന്നാൽ മാണിയെ ഒപ്പം നിർത്താനായതു കൊണ്ട് യുഡിഎഫിന് ഒരു നേട്ടവുമുണ്ടാക്കാനായില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളാ കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഫലം. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരളാ കോൺഗ്രസിന് ശക്തിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ചെങ്ങന്നൂർ നഗരസഭയിലും രണ്ടാം സ്ഥാനത്തേക്ക് യുഡിഎഫിന് ഒതുങ്ങേണ്ടി വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെഎം. മാണിയുടെ വിലപേശൽ ശക്തി ചോർത്തുന്നതായി ചെങ്ങന്നൂർ ഫലം. 

ബിജെപിയെ പ്രതിരോധത്തിലാക്കിയ വെള്ളാപ്പള്ളി നടേശന്‍റെ നീക്കം ഗുണം ചെയ്തത് എല്‍ഡിഎഫിനാണെന്ന് വ്യക്തം. വെള്ളാപ്പള്ളിയുടെ താൽപ്പര്യമറിഞ്ഞെന്നവണ്ണം, എല്‍ഡിഎഫിനെ പിന്തുണക്കണമെന്ന രഹസ്യ നിർദ്ദേശമാണ് എസ്എന്‍ഡിപി ചെങ്ങന്നൂർ, മാവേലിക്കര യൂണിയനുകൾ അണികൾക്ക് നൽകിയത്. ബിഡിജെഎസിനെ ഒതുക്കിയതിന്റെ അമർഷം തീർക്കാനും ഈഴവ വിഭാഗം വോട്ടുകൾ ഏറെ നിർണ്ണായകമാണെന്ന് തെളിയിക്കാനും വെള്ളാപ്പള്ളി നടേശനയി. എല്‍ഡിഎഫിലേക്കെത്തിയ ശോഭനാ ജോർജും ചെങ്ങന്നൂരിൽ താരമായി. ശോഭനാ ജോർജിന്‍റെ വ്യക്തിബന്ധങ്ങൾ തുണച്ചെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.