കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി. വിഷയത്തിലെ രാഷ്ട്രീയ വിമർശനങ്ങൾക്ക് തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ല കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുണ്ടായത്. ഇത് കോട്ടയം ഡിസിസി ക്ഷണിച്ചുവരുത്തിയ തിരിച്ചടിയാണ്. കേരള കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് തുടർച്ചയായി രംഗത്തുവന്ന കോട്ടയം ഡിസിസിയോടുള്ള പ്രാദേശികമായ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കണ്ടത്.
സംഭവം നിർഭാഗ്യകരമാണെങ്കിലും പാർട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാൻ താൻ തയാറല്ലെന്നും അതിന്‍റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും മാണി വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തിലാണ് മാണിയുടെ മലക്കംമറിച്ചില്‍. നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്‍റെ നീക്കം നിർഭാഗ്യകരമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു.
