താഴേത്തട്ടിൽ കോൺഗ്രസ് കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഇപ്പോഴും നല്ല രസത്തിലല്ല. ഇത് മുന്നിൽക്കണ്ടാണ് ഐക്യം താഴേത്തട്ടിൽ വരെയെത്തണമെന്ന് മാണി ആവശ്യപ്പെട്ടത്
കോട്ടയം: യുഡിഎഫിൽ ഐക്യം വേണമെന്ന് കെ.എം. മാണിയുടെ മുന്നറിയിപ്പ്. കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിലായിരുന്നു മാണി കോൺഗ്രസിന് നേരെ ഒളിയന്പെയ്തത്. ഐക്യത്തിൽ മുന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും മാണിക്ക് പിന്തുണ നൽകി.
കേരളകോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവന്നെങ്കിലും കോൺഗ്രസുമായി തർക്കം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷൻ. കേരള കോൺഗ്രസിന്റ സ്ഥാനാർത്ഥി തന്നെ കോട്ടയത്ത് മത്സരിക്കുമെന്ന് ആവർത്തിച്ച് ഊഹാപോഹങ്ങളെ രമേശ് ചെന്നിത്തല തള്ളിയെങ്കിലും കോൺഗ്രസ് പിന്നിൽനിന്ന് കുത്തുമെന്ന ആശങ്ക മാണിക്കുണ്ട്.
താഴേത്തട്ടിൽ കോൺഗ്രസ് കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഇപ്പോഴും നല്ല രസത്തിലല്ല. ഇത് മുന്നിൽക്കണ്ടാണ് ഐക്യം താഴേത്തട്ടിൽ വരെയെത്തണമെന്ന് മാണി ആവശ്യപ്പെട്ടത്. ജോസ് കെ. മാണിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഉമ്മൻചാണ്ടിയും ഐക്യത്തെക്കുറിച്ചാണ് പറഞ്ഞത്.
കേരള കോൺഗ്രസ് യുഡിഎഫിലെത്തിയ ശേഷം നടക്കുന്ന ആദ്യ മണ്ഡലം കൺവെൻഷനിൽ പക്ഷെ വലിയ ജനപങ്കാളിത്തമില്ലായിരുന്നു. ഇതും ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ നേതാക്കളെ പ്രേരിപ്പിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. അതിനാൽ ബൂത്ത് തലം മുതൽ കൺവെൻഷൻ വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് നേതൃത്വം.
