കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം വൈകും. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് ആലോചിക്കുമെന്ന് കെ എം മാണി വ്യക്തമാക്കി. കെ.എം. മാണിക്കും മകന്‍ ജോസ് കെ. മാണിക്കും ഇടതുമുന്നണിയോട് ചേര്‍ന്ന് പോകാനാണ് താല്‍പ്പര്യം.
എന്നാല്‍ ജോസഫ് വിഭാഗം യുഡിഎഫിനൊപ്പം പോകണമെന്ന നിലപാടിലാണ്. ഇവരെ പിന്തുണച്ച് സിഎഫ് തോമസ് വിഭാഗവും രംഗത്തുണ്ട്. ഇതിന് മാറ്റം വരാത്ത സാഹചര്യത്തില്‍ തിടുക്കത്തില്‍ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതില്ലെന്നാണ് കെ എം മാണിയുടെ തീരുമാനം.
ബാര്‍ കോഴ കേസില്‍ അന്തിമമായ തീരുമാനം വരുന്നത് വരെ മുന്നണി പ്രവേശം സംബന്ധിച്ച ചര്‍ച്ച പാര്‍ട്ടിയിലുണ്ടാകില്ലെന്നാണ് സൂചന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി മതി മുന്നണി പ്രവേശനം എന്ന ചിന്തയും നേതാക്കള്‍ക്കിടയില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് മുന്നണി പ്രവേശം തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം കെ.എം. മാണി വ്യക്തമാക്കിയത്
സംസ്ഥാനസര്‍ക്കാരിനെതിരെ പ്രത്യക്ഷസമരത്തിന് രൂപം നല്‍കിയതിലൂടെ അണികളെ സജീവമാക്കി നിര്‍ത്താനാണ് ഉദ്ദേശം. ഒറ്റക്ക് സമരങ്ങള്‍ നടത്തി മുന്നണിയിലില്ലെന്ന അണികളുടെ നീരസത്തെ ശമിപ്പിക്കാനും മാണി ലക്ഷ്യമിടുന്നു.
