കോട്ടയം: ഇടത് സഹകരണത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകുമെന്ന തിരിച്ചറിവും എംഎല്‍എമാരും ഭൂരിപക്ഷം നേതാക്കളും പുതിയ നീക്കത്തില്‍ തനിക്കൊപ്പമുണ്ടാകില്ലെന്ന ബോധ്യവുമാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ കെഎം മാണിയെ നിര്‍ബന്ധിതനായത്. ഇടത് സഹകരണം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പിജെ ജോസഫ് തന്നെ പരസ്യമായി രംഗത്തു വന്നതും മാണിയെ സമ്മര്‍ദ്ദത്തിലാക്കി.
ഇടത് സഹകരണമെന്ന പുതിയ നീക്കത്തിന് പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ കിട്ടാത്തതിന്‍റെ നിരാശയിലാണ് കെഎം മാണി .മാണിക്കൊപ്പമുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ തന്നെ ഇടത് ബാന്ധവത്തെ നിരാകരിച്ചത് അപ്രതീക്ഷിത തിരിച്ചടിയായി. ഇടത് മുന്നണിയിലേക്കില്ലെന്ന് എംഎല്‍എ മാരും നിലപാട് വ്യക്തമാക്കിയതോടെ നിലപാട് മയപ്പെടുത്താതെ കെഎം മാണിക്ക് മാര്‍ഗ്ഗമില്ലാതായി.
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പ്രോത്സാഹനവുമായി കോണ്‍ഗ്രസും രംഗത്തെത്തയതോടെ കെഎം മാണി അപകടം മണത്തു. ഇടത് സഹകരണത്തെ പരസ്യമായി തള്ളി പിജെ ജോസഫ് കൂടി രംഗത്ത് വന്നതും പിളര്‍പ്പിന്‍റെ സൂചനകള്‍ നല്‍കി. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കോട്ടയം, ഇടുക്കി. എറണാകുളം ജില്ലാ പ്രസിഡന്‍റുമാരും ഇടത് സഹകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. മാണിയറിഞ്ഞാണ് ജില്ലാ പഞ്ചായത്തിലെ നീക്കങ്ങളെല്ലാം നടന്നതെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ് തന്നെ വ്യക്തമാക്കി
നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തില്‍ വിശ്വസ്തര്‍ ഒപ്പമുണ്ടാകാത്തതിനാലാണ് ഒരു ചുവട് പിന്നോട്ട് വെക്കാന്‍ കെഎം മാണി തീരുമാനിച്ചത്. കോട്ടയം തീരുമാനത്തെ തത്കാലത്തേക്ക് മാണി തള്ളി പറയുന്നുവെങ്കിലും ഇടത് സഹകരണ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ ഭിന്നിപ്പ് വരും ദിവസങ്ങളിലും തുടരും
