കോഴിക്കോട്: കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍
നിന്ന് വന്‍ തുക പിഴ ഈടാക്കുന്നതായി പരാതി. ബെഞ്ചില്‍ ചാരി നിന്നാല്‍ പോലും വലിയ പിഴ ചുമത്തുന്നുവെന്നാണ് ആരോപണം. എന്നാല്‍ അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴയീടാക്കാറില്ലെന്ന് കെഎംസിടി പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നിരവധി തവണ സമരം നടത്തിയ സ്ഥാപനമാണ് കെ.എം.സി.ടി പോളിടെക്‌നിക്ക്.പ്രിന്‍സിപ്പാളും മാനേജുമെന്റും ചേര്‍ന്ന് അച്ചടക്കത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.ആഘോഷത്തിന്റെ പേരില്‍ കേക്ക് മുറിക്കുക, താടി വളര്‍ത്തുക, യൂണിഫോമില്‍ ബെല്‍ട്ട്, ഷൂസ് എന്നിവയുടെ നിറം മാറുക തുടങ്ങിയവക്ക് ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെ മാനേജുമെന്റ് പിഴയീടാക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

മാനേജുമെന്റിന്റെ നടപടികള്‍ ചോദ്യംചെയ്താല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്നാവ
ശ്യപ്പെട്ട് എസ്എഫ്‌ഐ പോളിടെക്‌നിക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വരും ദിവസങ്ങളില്‍ പ്രക്ഷോഭം
ശക്തമാക്കുമെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ആരോപണം മാനേജുമെന്റ് നിഷേധിച്ചു. അച്ചടക്ക നടപടിയുടെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാറില്ല. എന്നാല്‍ സ്ഥാപനത്തില്‍ അക്രമം കാണിച്ച് ഉപകരണങ്ങള്‍ നശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാറുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.