ലക്ഷങ്ങള്‍ ചെലവാക്കി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്നിസ് ക്ലബില്‍ കോര്‍പറേറ്റ് അംഗത്വമെടുത്തു . പതിനൊന്നര ലക്ഷം രൂപ ചെലവിട്ടാണ് കോര്‍പറേഷന്‍റെ ക്ലബ് അംഗത്വം. ആശുപത്രികള്‍ പണം നല്‍കാത്തതിനാല്‍ മരുന്ന് സംഭരണം നിര്‍ത്തുമെന്ന് അന്ത്യശാസനം നല്‍കിയ കോര്‍പറേഷനാണ് ഇത്രയും തുക ചെലവഴിച്ച് അംഗത്വമെടുത്തത്. എന്നാല്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണം.

മരുന്ന് നല്‍കിയ വകയില്‍ സര്‍ക്കാരും ആശുപത്രികളും നല്‍കാനുള്ളത് കോടികള്‍. ഈ തുക കിട്ടാത്തതിനാല്‍ മരുന്ന് സംഭരണം ഉള്‍പ്പെടെ കോര്‍പറേഷന്‍റെ പ്രവര്‍ത്തനം അവതാളത്തിലാകുകയാണെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തിലും പക്ഷേ ധൂര്‍ത്തിന് കുറവില്ല. ഈ മാസം അഞ്ചാം തിയതി കോര്‍പറേഷന്‍ എം ഡി ഡോ.നവജോത് ഖോസ ഇറക്കിയ ഇത്തരവാണിത്. തിരുവനന്തപുരം ടെന്നിസ് ക്ലബില്‍ കോര്‍പറേഷന് വേണ്ടി കോര്‍പറേറ്റ് അംഗത്വം എടുക്കാന്‍ തുക നല്‍കിയുള്ള ഉത്തരവ്. പതിനൊന്നര ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇക്കാര്യത്തെക്കുറിച്ച് വകുപ്പോ വകുപ്പ് മന്ത്രിയോ അറിഞ്ഞിട്ടുമില്ല. അതേസമയം കോര്‍പറേഷന്‍റെ യോഗങ്ങള്‍ക്കുള്‍പ്പെടെ ലക്ഷങ്ങള്‍ ചെലവാക്കി ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇതിന് പരിഹാരമായാണ് എല്ലാ സൗകര്യങ്ങളുമുള്ള ടെന്നിസ് ക്ലബില്‍ കോര്‍പറേറ്റ് അംഗത്വമെടുത്തതെന്നുമാണ് കോര്‍പറേഷന്‍റെ വിശദീകരണം. സര്‍ക്കാര്‍ അനുമതി വേണ്ട. ബോര്‍ഡ് തീരുമാനം മാത്രം മതി. 800 കോടി രൂപയുടെ ബിസിനസ് നടത്തുകയും 35 കോടി വാര്‍ഷിക വരുമാനവുമുള്ള കോര്‍പറേഷന് ടെന്നിസ് ക്ലബിലെ അംഗത്വത്തിനായി പതിനൊന്നര ലക്ഷം രൂപ ചെലവഴിക്കുകയെന്നത് വലിയ കാര്യമല്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ വാദിക്കുന്നു.