മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുുകൂലം. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കെ എന്‍ എ ഖാദറിന്റെ ലീഡ് പതിനായിരം കടന്നു. 80 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിപിഎമ്മിലെ പിപി ബഷീറിനേക്കാള്‍, 10106 വോട്ടുകള്‍ക്ക് കെഎന്‍എ ഖാദര്‍ മുന്നിലാണ്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്.

എന്നാല്‍ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഖാദര്‍ 1200ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം സ്വപ്‌നം കാണുമ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.