തിരുവനന്തപുരം: കാഞ്ഞിരംകുളം കെഎന്‍എം ഗവണ്‍മെന്റ് കോളജ് വളപ്പില്‍ രാത്രി അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ കാഞ്ഞിരംകുളം എസ്‌ഐയ്ക്കു സ്ഥലം മാറ്റം. വിദ്യാര്‍ത്ഥികള്‍ എസ്പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നവംബര്‍ തുടക്കത്തില്‍ കോളജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്കു കോളജ് അടച്ചിടുകയും ചെയ്തു. പിന്നീട് കോളജു തുറന്നപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് വൈകിട്ട് നാലിനു ശേഷം ക്യാംപസിനുള്ളില്‍ ആരും നില്‍ക്കാന്‍ പാടില്ലെന്നതായിരുന്നു. തുടക്കത്തില്‍ ഇതു പാലിച്ചുവെങ്കിലും പിന്നീട് രാത്രിയില്‍ കോളജു വളപ്പില്‍ വിദ്യാര്‍ഥികള്‍ പ്രവേശിച്ചുവെന്നു പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൗരസമിതി പൊലീസിനു രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ കോളജിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു പ്രൊജക്ടറുകള്‍ മോഷണം പോവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണു ഡിസംബര്‍ 20നു കോളജ് വളപ്പില്‍ നിന്ന വിദ്യാര്‍ഥികളില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് അന്നു കോളജ് വളപ്പില്‍ നിന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍, പ്രിന്‍സിപ്പല്‍ ഇക്കാര്യം നിഷേധിക്കുന്നു. കോളജിനു സമീപത്തെ തെങ്ങുകളില്‍ നിന്നും സ്ഥിരമായി കരിക്ക് മോഷണം പോകുന്നുണ്ട്. കോളജിനുള്ളിലും മോഷണമുണ്ടായി. മയക്കു മരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുണ്ട്.
