സന്ധ്യ കഴിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ മോഷണം നടത്തുന്നതാണ് മരിയാര്‍പ്പുതത്തിന്റെ പതിവ്. മതിലിന് മുകളിലൂടെ ഓടാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട് ഇയാള്‍ക്കെന്ന് പൊലീസ് പറയുന്നു.

കൊച്ചി: നഗരത്തില്‍ മോഷണം പതിവാക്കിയ തമിഴ്നാട് കുളച്ചല്‍ സ്വദേശി മരിയാര്‍പ്പുതം ജോണ്‍സണ്‍ പിടിയില്‍. സംസ്ഥാനത്ത് മാത്രം നൂറോളം മോഷണങ്ങള്‍ നടത്തിയ മരിയാര്‍പ്പുതത്തെ പ്രത്യേക പൊലീസ് സംഘമാണ് പിടികൂടിയത്.

കൊച്ചി ലിസി ജംഗ്ഷന് സമീപത്തെ വീട്ടില്‍ മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് മാസങ്ങളായി പൊലീസിനെ വെട്ടിച്ച് നടന്ന മരിയാര്‍പ്പുതം പിടിയിലായത്. തമിഴ്നാട്ടില്‍ സ്ഥിരം മോഷ്‌ടാവായ മരിയാര്‍പ്പുതം കഴിഞ്ഞ വര്‍ഷം മുതലാണ് കൊച്ചിയില്‍ മോഷണം പതിവാക്കിയത്. അന്ന് എസ്.ആര്‍.എം റോഡിലെ വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നോര്‍ത്ത് പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയാര്‍പ്പുതം, തന്നെ പിടികൂടിയ നോര്‍ത്ത് പൊലീസിന് നിരന്തരം തലവേദന സൃഷ്‌ടിച്ച് സ്റ്റേഷന്‍ പരിധിയില്‍ മോഷണം പതിവാക്കുകയായിരുന്നു. നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ ആറുമാസത്തിനിടെ നടത്തിയത് 10 മോഷണങ്ങളും മുപ്പതോളം മോഷണശ്രമങ്ങളുമാണ്. 

30പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. സന്ധ്യ കഴിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ മോഷണം നടത്തുന്നതാണ് മരിയാര്‍പ്പുതത്തിന്റെ പതിവ്. മതിലിന് മുകളിലൂടെ ഓടാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട് ഇയാള്‍ക്കെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെത്തിയതോടെ പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതി വീണ്ടും പുറത്തിറങ്ങി മോഷണം പതിവാക്കുന്നത് തടയാന്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.