Asianet News MalayalamAsianet News Malayalam

ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീയണച്ചു; പുക ശല്യം കുറഞ്ഞെന്നും ജില്ലാ ഭരണകൂടം

48 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അട്ടിമറിയാണെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 

kochi brahmapuram waste plant fire doused completely
Author
Kochi, First Published Feb 24, 2019, 4:47 PM IST

കൊച്ചി:  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ പടര്‍ന്നുപിടിച്ച തീ അണച്ചെന്ന് ജില്ലാ ഭരണകൂടം. പുക ശല്യം കുറഞ്ഞെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 48 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അട്ടിമറിയാണെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 

വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ രണ്ടുമാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ തീപിടിത്തമായിരുന്നു ഇത്. തീപിടിത്തതിന് പിന്നാലെ റവന്യു മന്ത്രി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.  തീപിടിത്തതില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്ലാന്‍റിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

മാലിന്യ പ്ലാന്‍റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വരെ ഇന്നും വിഷപ്പുക എത്തി. കാറ്റിന്‍റെ ഗതി അനുസരിച്ച്  ഇരുമ്പനം,തൃപ്പൂണിത്തുറ വൈറ്റില, മേഖലകൾ രാവിലെ പുകയിൽ മൂടി. ജനജീവിതം ദുസ്സഹമായതോടെ അർദ്ധരാത്രി മുതൽ ഇരുമ്പനത്തെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പത്ത് മണിക്ക് ശേഷമാണ് നഗരപരിസരത്തിലെ പുകയ്ക്ക് ശമനമായത്. പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടവും, ഫയർഫോഴ്സ്സും ഊർജ്ജിതമാക്കി. തീ അണയ്ക്കാനായെങ്കിലും മാലിന്യകൂമ്പാരത്തിനുള്ളിലെ പ്ലാസ്റ്റിക് പുകഞ്ഞ് കത്തുന്നതാണ് വെല്ലുവിളി. ഇത് തടയാൻ യന്ത്രസഹായത്തോടെ മാലിന്യകൂമ്പാരങ്ങൾ ഇളക്കി വെള്ളമൊഴിച്ച് മണ്ണിടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

കൊച്ചി നഗരത്തിലെ അന്തരീക്ഷത്തിൽ ഗുരുതര വാതകങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പരിസരവാസികൾ ചിലർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് നഗരപരിസരത്തിലെ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യ വകുപ്പ് എല്ലാ സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്. ശ്വസന സംബന്ധമായ  അസ്വസ്ഥകൾ നേരിട്ടാൽ ചികിത്സ തേടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളിൽ സംശയ നിവാരണത്തിനായി 0484- 2373616, 23537 11 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios