കൊച്ചി: കൊച്ചി ഒബ്റോണ്‍ മാളില്‍ ഇന്നുണ്ടായ തീപിടുത്തം വിരല്‍ ചൂണ്ടുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്ക്. നഗരത്തിലെ പല കെട്ടിടങ്ങളും അഗ്നിസുരക്ഷ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും മേയര്‍ അറിയിച്ചു.

ഒബ്റോണ്‍ മാളില്‍ തീപിടിത്തമുണ്ടായത് നാലാംനിലയില്‍. തീയറ്റര്‍ സമുച്ചയത്തിന് സമീപത്തുണ്ടായ തീപിടിത്തം ശക്തമാവാഞ്ഞതും ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായതും അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. എന്നാല്‍ കനത്ത പുക നിറഞ്ഞതിനാല്‍ തീപിടിത്തമുണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് നാലാംനിലയിലേക്ക് പ്രവേശിക്കാനായത്. നൂതന സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണ് രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചത്.

അവശ്യ സംവിധാനങ്ങളുടെ അഭാവം നിമിത്തം അഞ്ച് നിലയ്‌ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിസുരക്ഷ ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നിട്ടും കൊച്ചി നഗരത്തില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഉയരുന്നു.നഗരത്തിലെ മറ്റൊരു പ്രമുഖ ഷോപ്പിംഗ് മാളും പ്രവര്‍ത്തിക്കുന്നത് അഗ്നിസുരക്ഷ എന്‍ഒസിയില്ലാതെയാണ്. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.

നിരവധി ഷോപ്പിംഗ് മാളുകളും ബഹുനില കെട്ടിടങ്ങളുമാണ് കൊച്ചി നഗരത്തില്‍ പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ പലതിലേക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രാപ്തമായ വഴികളില്ല. കൊച്ചി മെട്രോയടക്കം വരാനിക്കുന്ന സാചഹ്യത്തില്‍ അഗ്നിസുരക്ഷയില്‍ അധികൃതര്‍ അലംഭാവം തുടരുകയാണെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വരും നാളുകളില്‍ കൊച്ചി സാക്ഷിയയേക്കും.