കൊച്ചി: ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് പിന്നാലെ കൊച്ചി കാൻസർ കെയർ സെൻറർ ഡയറക്ടറെ നിയമിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കവും വിവാദത്തിൽ. മൂന്ന് തവണ വിജ്ഞാപനം മാറ്റിയിറക്കിയത് ഇഷ്ടക്കാരെ നിയമിക്കാനെന്നാണ് ആക്ഷേപം. ഓരോ വിജ്ഞാപനത്തിലും യോഗ്യതകളും മാറ്റിമറിച്ചു.

ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊച്ചിയിൽ സർക്കാർ മേഖലയിൽ കാൻസർ കെയർ സെന്റർ തുടങ്ങിയത്.
2016 സെപ്റ്റംബർ 26ന് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ച് ആദ്യ വിജ്ഞാപനം ഇറക്കി,
മെഡിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 10 വര്‍ഷത്തെ അധ്യാപന, ഗവേഷണ പരിചയം. പ്രായം 65 വയസ് കവിയരുത് ഇതൊക്കെയായിരുന്നു യോഗ്യത. പക്ഷെ നിയമനം നടത്താതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി രണ്ടാം വിജ്ഞാപനം ഇറക്കി, തീർന്നില്ല കൃത്യമായ കാരണങ്ങളൊന്നും പറയാതെ ഇക്കഴിഞ്ഞ ജൂൺ 29ന് മൂന്നാമത്തെ വിജ്ഞാപനം ഇറക്കി. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി ജൂലൈ 20. മൂന്നാം വിജ്ഞാപനത്തിൽ യോഗ്യതകളിൽ ഒരുപാട് ഇളവുകൾ. മെഡിക്കല്‍ സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി മേഖലകളിലെ ബിരുദാനന്തര ബിരുദം വേണമെന്ന വ്യവസ്ഥ മാറ്റി. അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ചികില്‍സാപരവും ഭരണപരവുമായി ജോലി ചെയ്തുള്ള പരിചയം മാത്രം മതിയെന്നാക്കി. ഭരണകക്ഷിയുമായി ബന്ധമുള്ള സ്വകാര്യ മേഖലയിലെ ഒരു ഡോക്ടറെ നിയമിക്കാനാണ് ഈ മാറ്റിമറിക്കലുകളെന്നാണ് ആക്ഷേപം. ഉടൻ നിയമന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം. അര്‍ബുദരോഗ ചികില്‍സ രംഗത്തെ വിദഗ്ധരരെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഡോക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. അതേസമയം വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.