കൊച്ചിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച പിതാവ് പിടിയില്‍

കൊച്ചി: ഇടപ്പള്ളിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി എളമക്കര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് രാത്രി എട്ടരയോടെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞത്.

ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. അമ്മയെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നെറ്റിയില്‍ ചുംബിച്ച ശേഷമായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടയിരുന്നു. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്നെ മൂന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള അച്ഛന്‍ ടിറ്റോ പൊലീസിനോട് പറഞ്ഞത്. അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.